'മസാല ബോണ്ടിന്' പിന്നാലെ 'ഡയസ്‌പോര'; കിഫ്ബി മൂലധനം കണ്ടെത്താന്‍ സര്‍ക്കാര്‍

കിഫ്ബിക്ക് മൂലധനം കണ്ടെത്താനുളള “മസാല ബോണ്ടിന്” പിന്നാലെ പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ “ഡയസ്‌പോര” ബോണ്ടുകള്‍ കൂടി ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പവാസികള്‍ക്ക് കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാനും സുരക്ഷിത നിക്ഷേപം നടത്താനുളള മാര്‍ഗമായുമാണ് ഡയസ്‌പോര ബോണ്ടുകള്‍ അവതരിപ്പിക്കുന്നത്. പതിവാര സംവാദ പരിപാടിയായ “നാം മുന്നോട്ടി” ന്റെ ചിത്രീകരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡയസ്‌പോര ബോണ്ടുകള്‍ ഇറക്കുന്ന കാര്യം ആലോചിക്കുമെന്ന് പ്രഖ്യാപിച്ചത്.

വിദേശരാജ്യങ്ങളിലേക്ക് തൊഴിലിനും മറ്റുമായി കുടിയേറിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടിയുളള കടപത്രങ്ങളെയാണ് ഡയസ്‌പോര ബോണ്ടുകള്‍ എന്ന് വിളിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രവാസി ബോണ്ടുകള്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് വഴി കടപത്രം ഇറക്കുന്നത് പോലെ ഡയസ്‌പോര ബോണ്ടുകളും ഇറക്കാം. പ്രവാസികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ മാത്രമേ നിക്ഷേപിക്കാനാകൂ എന്ന് വ്യവസ്ഥയുണ്ടാകും. വ്യക്തികള്‍ക്ക് മാത്രമേ ഡയസ്‌പോരാ ബോണ്ടുകളില്‍ നിക്ഷേപം നടത്താനാകൂ. ഇതാണ് മസാല ബോണ്ടുകളും ഡയസ്‌പോരാ ബോണ്ടുകളും തമ്മിലുളള പ്രധാന വ്യത്യാസം. മസാല ബോണ്ടുകളില്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിക്ഷേപം നടത്താന്‍ കഴിയുകയുളളു.

കേവലം പലിശയുടെ ആദായം മാത്രമായല്ല ഡയസ്‌പോര ബോണ്ടുകളെ പരിഗണിക്കുന്നത്. “”നാം കൂട്ടായി”” എന്നതാണ് ഡയസ്‌പോര എന്ന വാക്കിന്റെ ഏറ്റവും നല്ല അര്‍ത്ഥം.രാജ്യത്തിന് വേണ്ടി നല്‍കുന്ന സഹായം “പേട്രിയോട്ടിക് ഫേവര്‍” എന്ന നിലയ്ക്ക് കൂടിയുളള നിക്ഷേപമാണിത്.എന്നാല്‍ പലിശയില്‍ നിന്നുളള ആദായവും ഈ നിക്ഷേപത്തിനുണ്ട്. ബോണ്ടിറക്കുന്ന സമയത്തെ രാജ്യാന്തരതലത്തിലുളള പലിശ നിലവാരം നോക്കിയാണ് പലിശനിരക്ക് നിശ്ചയിക്കുക. മസാല ബോണ്ട് ഇറക്കാന്‍ വേണ്ടിവന്ന എല്ലാ നടപടികളും അനുമതികളും ഡയസ്‌പോരാ ബോണ്ടുകള്‍ ഇറക്കുന്നതിനും വേണം.

പ്രവാസികള്‍ ഏറെയുളള കേരളത്തിന്റെ വികസനത്തിന് പണം സമാഹരിക്കാനുളള ഏറ്റവും നല്ല ധനാഗമ മാര്‍ഗം എന്ന നിലയില്‍ ഡയസ്‌പോരാ ബോണ്ടുകള്‍ കഴിഞ്ഞ കുറെ നാളുകളായി സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. പ്രളയാന്തര പുനര്‍നിര്‍മ്മാണത്തിനുളള പണം കണ്ടെത്തുന്നതിനായി ഡയസ്‌പോരാ ബോണ്ടുകള്‍ പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സംഘം നിര്‍ദ്ദേശിച്ചിരുന്നു. ലോകബാങ്ക്, ജപ്പാന്‍ വായ്പകള്‍ക്ക് പുറമേ ഡയസ്‌പോര ബോണ്ടുകള്‍ വഴിയും പണം സമാഹരിക്കാന്‍ റിബില്‍ഡ് കേരളാ ഇന്‍ഷ്യേറ്റീവ് എക്‌സിക്യൂട്ടിവ് മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയോട് ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ അംഗീകരിച്ചാണ് മുഖ്യമന്ത്രി ഇപ്പോള്‍ പരസ്യ പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സെമി ഹൈസ്പീഡ് റെയില്‍പാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റെയില്‍വെയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിക്ക് 65,000 കോടി ചെലവ് വരും. ഇത്തരം പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്താന്‍ കഴിയും. ആ നിലയിലാണ് പ്രവാസി ബോണ്ടിനെ കുറിച്ച് ആലോചിക്കുന്നത്.