ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള ബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ ഡി.ജി.പി ആയിരുന്നത്: ഹരീഷ് വാസുദേവൻ

പുരാവസ്തു ശേഖരത്തിന്റെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവന്‍. ഡ്യൂപ്ലിക്കേറ്റ് അംശവടിയും ടിപ്പുവിന്റെ സിംഹാസനവും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആളാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത് എന്ന് മാധ്യമപ്രവർത്തകൻ ശ്രീജൻ ബാലകൃഷ്‌ണന്റെ വാക്കുകൾ കടമെടുത്ത് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചവരില്‍ 24 ന്യൂസ് ചാനല്‍ കൊച്ചി ബ്യൂറോ ചീഫ് സഹിന്‍ ആന്റണിയും ഉൾപ്പെടുന്നതായുള്ള വിവരം പുറത്തുവന്നു. പ്രതിക്ക് പല വിഐപികളുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഈ റിപ്പോര്‍ട്ടറും ആലുവ സ്വദേശിയായ ബാബു എന്നയാളുമാണെന്നാണ് വിവരം.

24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ മോന്‍സന്‍ മാവുങ്കലിന്റെ വസതിയില്‍ സ്ഥിരം സന്ദര്‍ശകനായിന്നുവെന്നും, സഹിന്‍ ആന്റണിയുടെ സുഹൃദ് വലയത്തിലാണ് ഇതെന്നും സൂചനയുണ്ട്. 24 ന്യൂസില്‍ മോന്‍സന്‍ മാവുങ്കലിന്റെ നിക്ഷേപം തരപ്പെടുത്താനാണ് ശ്രീകണ്ഠന്‍ നായര്‍ ശ്രമിച്ചതെന്നും വിവരമുണ്ട്.

നേരത്തെ മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി വന്നപ്പോള്‍ ഒതുക്കി തീര്‍ത്ത കൊച്ചി എസിപി ലാല്‍ജിയുമായും, ഡിഐജി സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് ഈ റിപ്പോര്‍ട്ടറാണെന്ന് പരാതിയില്‍ പറയുന്നു. പ്രതിയുടെ അറസ്റ്റിലേക്കെത്തിച്ച യൂാക്കൂബ്, അനൂപ്, സലീം, ഷമീര്‍, സിദ്ദിഖ്, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് 24 റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കെതിരെ പരാമര്‍ശമുള്ളത്.

ഹരീഷ് വാസുദേവന്റെ കുറിപ്പ്:

ഡ്യൂപ്ലിക്കേറ്റ് അംശവടിയും ടിപ്പുവിന്റെ സിംഹാസനവും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആ ഇരിക്കുന്ന ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പോലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത് എന്നോർക്കുമ്പോ, Sreejan Balakrishnan പറഞ്ഞത് പോലെ, അയ്യേ….

ഈ പൊങ്ങൻ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാൻ കാത്തിരിക്കൂ..

വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും….

Read more