ഡിജിപി ജേക്കബ് തോമസ് ട്വന്‍റി 20 സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിക്കും

സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് തിരഞ്ഞെടുപ്പിൽ മത്സരിക്കും. ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുക.  കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ  തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്.

മത്സരിക്കുന്നതിന് വേണ്ടി അദ്ദേഹം ഐ.പി.എസിൽ നിന്ന് രാജി വെയ്ക്കും. ഇടതു മുന്നണി സ്ഥാനാർത്ഥിയായി സിറ്റിംഗ് എം. പി ഇന്നസെന്റും യു.ഡി.എഫിന് വേണ്ടി മുന്നണി കൺവീനർ ബെന്നി ബഹനാനുമാണ് ഇവിടെ സ്ഥാനാർത്ഥികൾ.

കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസാണ്. എന്നാൽ 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. കിഴക്കമ്പലം പഞ്ചായത്തിൽ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്‍റി 20. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്‍റി 20 ആണ്.

ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കും നേട്ടമായിരുന്നു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാന നീക്കവും സർക്കാർ നടത്തി. എന്നാൽ ഇ പി ജയരാജന്‍റെ ബന്ധുനിയമന കേസിൽ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ ഇടതു സർക്കാരിന്‍റെ മുഖം കറുത്തു.

ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെത്തുടരെ മൂന്ന് സസ്പെൻഷനുകൾ. ആദ്യ സസ്പെൻഷൻ ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്‍റെ പേരിൽ. രണ്ടാമത്തേത് അനുവാദമില്ലാതെ “സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ” എന്ന പുസ്തകമെഴുതിയതിന്. മൂന്നാമത്തേതാകട്ടെ, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെ തുടർന്ന്.