വികസനം ജനഹിതത്തിന് വേണ്ടിയാവണം, അല്ലാതെ കമ്മീഷന്‍ അടിക്കാനാവരുത്: കെ. സുരേന്ദ്രന്‍

കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാന്‍ ആരെയും കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ജനവികാരത്തിന് മുമ്പില്‍ മുട്ടു മടക്കിയത് കൊണ്ടാണെന്നും ചെയ്തുപോയ തെറ്റുകള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പായിരുന്നു. ചെയ്തുപോയ തെറ്റുകള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവുകയും ചെയ്യണം. സില്‍വര്‍ലൈനിനെതിരാണ് ജനവികാരമെന്ന് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാര്‍ക്ക് ബോധ്യമായിട്ടുണ്ട്.

വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമ്മീഷന്‍ അടിക്കാനാവരുത്. കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാന്‍ ആരെയും കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ല. ജനങ്ങളുടെ ആശങ്ക ഒഴിയും വരെയും ബിജെപി സമരരംഗത്തുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിയിരിക്കുകയാണ്. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സാമൂഹിക ആഘാത പഠനമടക്കമടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് സര്‍വേ നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് പുതിയ ഉത്തരവിറക്കി.