ശബരിമലയില്‍ അന്നദാനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ് ; അഴിമതി നടത്തിയത് ഉന്നത തസ്തികയിൽ ഉള്ളവര്‍

2018 -19 ലെ ശബരിമല തീര്‍ഥാടന കാലത്ത് ശബരിമല നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ്. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരില്‍ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥര്‍ തട്ടിച്ചെന്നാണ് കണ്ടെത്തല്‍. എന്നാല്‍ വിജിലന്‍സ് പ്രതി ചേര്‍ത്ത നാലു ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നു മാസം പിന്നിട്ടിട്ടും ദേവസ്വം ബോര്‍ഡ് ഒരു നടപടിയും എടുത്തില്ല.

കൊല്ലത്തുള്ള ജെപി ട്രേഡേഴ്‌സെന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും നല്‍കാന്‍ കരാറെടുത്തത്. തീര്‍ത്ഥാടന കാലം കഴിഞ്ഞ ശേഷം 30 ലക്ഷത്തി 900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോര്‍ഡിന് നല്‍കി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നല്‍കി. ബാക്കി തുക നല്‍കണമെങ്കില്‍ ക്രമക്കേടിനെ കൂട്ടു നില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതോടെയാണ് കരാറുകാരന്‍ ദേവസ്വം വിജിലിന്‍സിനെ സമീപിച്ചത്.

30ലക്ഷം ചെലവാക്കിയ അന്നദാനത്തിന്റെ മറവില്‍ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥര്‍ മാറിയെടുത്തതെന്ന് വിജിലന്‍സ് കണ്ടെത്തി.ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്റെ മറവില്‍ അഴിമതിപ്പണം ബാങ്കില്‍ നിന്നും മാറിയതായും കണ്ടെത്തി.

നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,ജൂനിയര്‍ സൂപ്രണ്ടായിരുന്ന വാസുദേവന്‍ പോറ്റി,ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറര്‍മാരായിരുന്ന സുധീഷ് കുമാര്‍, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് കേസെടുത്തു.