ടോവിനോയ്ക്ക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിവരിച്ച് കൊടുത്ത് ടി. വി അനുപമ

നടന്‍ ടോവിനോ തോമസിന് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിവരിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തിനായി വോട്ടര്‍മാരെ ബോധവത്കരിക്കുകയും അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2014 ഇല്‍ ആരംഭിച്ച കര്‍മ്മപദ്ധതി ആണ് Systematic Voters’ Education and Electoral Participation അഥവാ SVEEP. ഈ പദ്ധതിയുടെ തൃശൂര്‍ ജില്ലയിലെ ബ്രാന്‍ഡ് അംബാസിഡറാണ് ടോവിനോ തോമസ്

2019 ലെ ലോക്സഭാ പൊതു തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വോട്ടിംഗ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് കഴിഞ്ഞ മാസം ബൂത്തുകള്‍ തോറും വോട്ട് വണ്ടികള്‍ വഴി പ്രചാരണം നടത്തിയിരുന്നു. ഇത് കൂടാതെ സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ വോട്ടിംഗ് മെഷീനുകളെ കുറിച് പൊതുജനത്തെ ബോധവാന്മാരാക്കുന്നതിന് ഒരു പരിശീലന കേന്ദ്രവും ഈ വര്‍ഷം ആദ്യം ആരംഭിച്ചിരുന്നു. ഇന്നലെ തൃശൂര്‍ ജില്ലാ ആസ്ഥാനത്ത് വന്ന നടന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനം കളക്ടര്‍ വിവരിച്ച് കൊടുത്തു.

ജില്ലയില്‍ ഇനിയും വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ താല്പര്യമുള്ളവര്‍ക്കും ഇപ്പോഴും www.nvsp.in എന്ന വെബ് സൈറ്റ് മുഖേന മാറ്റങ്ങള്‍ വരുത്താവുന്നതാണെന്ന് ടി വി അനുപമ അറിയിച്ചു.