ഡെന്‍സിയുടെ മരണം കൊലപാതകമെന്ന വെളിപ്പെടുത്തല്‍; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് പുറത്തെടുക്കും

അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് കല്ലറയില്‍ നിന്ന് പുറത്തെടുക്കും. ഒറ്റമൂലി വൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെന്‍സിയെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നായിരുന്നു പ്രതികളുടെ മൊഴി.

നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ ഇരിങ്ങാലക്കുട ആര്‍ഡിഒയാണ് അനുമതി നല്‍കിയത്. രണ്ടര വര്‍ഷം മുന്‍പ് ദുബായില്‍ വച്ച് മരിച്ച ഡെന്‍സിയുടെ മൃതദേഹ അവശിഷ്ടമാണ് പരിശോധിക്കുക. 2020 മാര്‍ച്ചിലാണ് ഡെന്‍സി മരിച്ചത്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വീട്ടുകാര്‍ക്ക് ആദ്യം ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതമാണ് മരണകാരണമെന്നും വിവരം ലഭിച്ചിരുന്നു.

2019ലാണ് ഡെന്‍സി ജോലി തേടി അബുദാബിയില്‍ എത്തിയത്. കോഴിക്കോട് സ്വദേശി ഹാരിസിന്റെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെന്‍സി് ജോലി ചെയ്തിരുന്നത്. 2020 മാര്‍ച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെന്‍സിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫാണ് കൊലയുടെ സൂത്രധാരന്‍ എന്ന് കൂട്ടുപ്രതികള്‍ മൊഴി നല്‍കിയിരുന്നു.

Read more

ഇതോടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം റീ പോസ്റ്റുമോര്‍ട്ടത്തിന് അപേക്ഷ നല്‍കുകയായിരുന്നു. പ്രതികളുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.