അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കള്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഇതാണ് നിലവിലത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് താങ്കള്‍പോയി നോക്കിയോ എന്ന് ചോദിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പരിഹസിക്കേണ്ടെന്ന് വിഡി സതീശന്‍ മറുപടി നല്‍കിയതിനെ തുടര്‍ന്ന് സഭയില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര് രൂക്ഷമായി.

സംസ്ഥാനം ഗുണ്ടകളുടെ ഇടനാഴിയായി മാറിയിരിക്കുകയാണ്. പ്രതിപക്ഷം സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നും സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തി. പിന്നാലെ സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.

കൊലക്കത്തി എടുത്തവര്‍ താഴെ വെച്ചാല്‍ പ്രശ്‌നം തീരും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 35 രാഷ്ട്രീയ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, 2016 മുതലുള്ള ഇടത് ഭരണത്തില്‍ 26 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പലയിടത്തും വര്‍ഗീയ സംഘര്‍ഷങ്ങളുടെ കരിനിഴല്‍ വീഴ്ത്തി സംഘപരിവാര്‍ മുന്നോട്ട് പോകുകയാണ്. വര്‍ഗീയ സംഘര്‍ഷമില്ലാത്ത സംസ്ഥാനമാക്കി നമ്മുടെ നാടിന് നിലനില്‍ക്കാന്‍ കഴിഞ്ഞു, ഇതിന് പിന്നിലുള്ള പൊലീസിന്റെ പങ്ക് വിസ്മരിക്കരുത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ  അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.