തറ പൊളിച്ച് കൊടി നാട്ടിയ സംഭവം; എട്ട്‌ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കാസർഗോഡ് അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് പണി നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട്‌ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപൻ, സുജിത്ത്, കിട്ടു എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേയുമാണ് കേസ് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാൻ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.

വീട് പണിയുന്നത് വയൽഭൂമിയിലാണെന്നും ഇവിടം വെള്ളം കെട്ടിനിൽക്കുന്നയിടമാണെന്നും അതിനാലാണ് നിർമ്മാണം തടസ്സപ്പെടുത്തിയതെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ വാദം. അതേസമയം തറ പൊളിച്ചതും ഷെഡ്ഡ് തകർത്തതും തങ്ങൾ അല്ലെന്നും ഡി.വൈ.എഫ്.ഐ പറയുന്നു.

എന്നാൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണിതെന്നും വീടുപണിയുന്നതിന്‌ പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും സ്ഥലം ഉടമയായ വി.എം. റാസിഖ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സി.പി.എം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചിരുന്നുവെന്നും അത്‌ കൊടുക്കാത്തതിന്റെ വിരോധം തീർത്തതാണെന്നുമാണ് റാസിഖും സഹോദരനും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ അഷറഫ് കൊളവയലും നേരത്തെ ആരോപിച്ചിരുന്നത്. എന്നാൽ ഇക്കാര്യം ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടില്ല. സംഭാവന ചോദിച്ചിട്ടില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ വാദം. അതിനിടെ, വീട് പണിനടക്കുന്നത് വയൽഭൂമിയിലാണെന്നും നിർമ്മാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കളക്ടർക്ക്‌ പരാതി നൽകി.