അമ്മയെ മകന്‍ കൊലപ്പെടുത്തിയെന്ന കേസില്‍ പുതിയ വഴിത്തിരിവ്; മരിച്ച ദീപയുടെ ആത്മഹത്യാ കുറിപ്പുമായി ബന്ധുക്കള്‍

തിരുവനന്തപുരം ജില്ലയിലെ അമ്പലമുക്കില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയെന്ന കേസില്‍ പുതിയ വഴിത്തിരിവ്. മരിച്ച ദീപയുടെ ആത്മഹത്യാ കുറിപ്പുമായി ബന്ധുക്കള്‍ രംഗത്തെത്തിയതാണ് പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. ദീപയുടെ മരണം നടന്ന് ഒരു മാസം പിന്നിടുന്ന വേളയിലാണ് സംഭവം ആത്മഹത്യയാണെന്ന വാദം ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. താന്‍ രോഗിയാണ്, ഇനി മറ്റുള്ളവര്‍ക്ക് ഭാരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നതായി ദീപ ആത്മഹത്യാ കുറിപ്പില്‍ പറയുന്നതായി ബന്ധുക്കള്‍ പറയുന്നു.

ആത്മഹത്യാ കുറിപ്പ് ബെഡ്‌റൂമിലെ അലമാരയില്‍ നിന്നു കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പക്ഷേ ആത്മഹത്യാ കുറിപ്പ് വിശ്വാസയോഗ്യമല്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതാണെന്നും ഇപ്പോള്‍ ആത്മഹത്യാകുറിപ്പുമായി വരുന്നത് കേസ് അട്ടിമറിക്കാനാണെന്നുമാണ് പൊലീസ് ഭാഷ്യം. ദീപയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്നാണ് മകന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

അതേസമയം, അക്ഷയ്ക്ക് പൊലീസില്‍നിന്ന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതായി ശ്രീലേഖ  എെപിഎസ് റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. അക്ഷയ് നിരപരാധിയാണെന്നും പൊലീസിന്‍റെ മര്‍ദ്ദനം സഹിക്കവയ്യാതെ കുറ്റം സമ്മതിച്ചതാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എഴുനേല്‍ക്കാന്‍ പോലും പറ്റാത്ത തരത്തില്‍ അക്ഷയ്ക്ക് മര്‍ദ്ദനം ഏറ്റതായാണ് റിപ്പോര്‍ട്ടിലുള്ളത്.