ശബരിമല ശ്രീകോവിലില്‍ ചര്‍ച്ച; സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ ശ്രീകോവിലില്‍ ചോര്‍ച്ച. സ്വര്‍ണം പൊതിഞ്ഞിട്ടുള്ള ഭാഗത്താണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് പരിശോധന നടക്കുക.

ക്ഷേത്രം തന്ത്രിയുടേയും ദേവസ്വം കമ്മീഷണറുടേയും സാന്നിധ്യത്തിലാകും നടപടികള്‍. ഒറ്റദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സ്വര്‍ണം പൊതിഞ്ഞതാണ് ശ്രീകോവിലിന്റെ മേല്‍ക്കൂര. ഇതിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം ശ്രീകോവിലിന്റെ കഴുക്കോലിലെത്തി താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലേക്കാണ് വീഴുന്നത്.

ചോര്‍ച്ച എത്രമാത്രം തീവ്രതയിലുള്ളതാണെന്ന് അറിയാന്‍ സ്വര്‍ണപാളികള്‍ ഇളക്കി പരിശോധന നടത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്പോണ്‍സര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് പണികള്‍ നടത്തിയാല്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.