തിരുവനന്തപുരം മൃഗശാലയില്‍ രണ്ടാഴ്ചക്കിടെ ചത്തത് ഒരു കൂട്ടിലെ രണ്ട് അനക്കോണ്ടകള്‍

തിരുവനന്തപുരം മൃഗശാലയില്‍ രണ്ടാഴ്ചക്കിടെ രണ്ട് അനക്കോണ്ടകള്‍ ചത്തു. ഇണചേരുന്നതിനിടെ ക്ഷതമേറ്റാണ് രണ്ടാഴ്ച മുമ്പ് രേണുകയെന്ന അനക്കോണ്ട ചത്തത്.ഇന്നലെ വയറിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന് ഏയ്ഞ്ചല എന്ന അനക്കോണ്ടയും ചത്തു. ശരിയായ സംരക്ഷണമോ പരിചരണമോ ഒരുക്കുന്നതില്‍ മൃഗശാല അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അനക്കോണ്ടകള്‍ ചത്ത സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന മൃഗശാല അധികൃതര്‍ അറിയിച്ചു.

ഒരു കൂട്ടിലെ രണ്ട് അനക്കോണ്ടകള്‍ ചത്തതോടെ മൃഗശാലയിലെ റെപ്‌റ്റൈല്‍ പാര്‍ക്ക്
കൂടുതല്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇതുകൂടാതെ അനക്കോണ്ടകളെ പാര്‍പ്പിക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരാനും ആണ്‍ പെണ്‍ അനുപാതം മാറ്റി പരീക്ഷിക്കുവാനും മൃഗശാല അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

രേണുകയും ഏയ്ഞ്ജലയും അടക്കം മൂന്ന് അനക്കോണ്ടകളാണ് ഒരു കൂട്ടില്‍ ഉണ്ടായിരുന്നത്. പതിനഞ്ച് ദിവസം മുമ്പ് രേണുക എന്ന് പേരുള്ള ആണ്‍ അനക്കോണ്ട ചത്തതോടെ റെപ്‌റ്റൈല്‍ പാര്‍ക്കിലെ കൂട്ടില്‍ സി.സി.ടി.വി സ്ഥാപിച്ചിരുന്നു.

2014- ല്‍ ആണ് ശ്രീലങ്കയിലെ മൃഗശാലയില്‍ നിന്ന് ഏഴ് അനക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്നത് ഇവയുടെ വളര്‍ച്ചയും ശാരീരികഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും ഒരുക്കിയിരുന്നു.

Read more

കഴിഞ്ഞ ദിവസം ചത്ത അനക്കോണ്ടയ്ക്ക് ഒമ്പത് വയസ്സും മൂന്നരമീറ്റര്‍ നീളവുമുണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ മാറ്റിയ ശേഷം സ്റ്റഫ് ചെയ്‌തെടുത്ത രണ്ട് അനാക്കോണ്ടകളെയും നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.