സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുട്ടികളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിലാണ് തോട്ടില്‍ വീണ് വയോധികന്‍ മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് അപകടത്തില്‍ പെട്ടത്. തോട് മുറിച്ചുകടക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നിരുന്നു.

കനത്ത മഴയിൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ മാതംകുളം എന്ന സ്ഥലത്ത് വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

സമീപത്ത് പണി നടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതേ തുടർന്നാണ് കുട്ടികൾ മരിച്ചത്. നാട്ടുകാരും അഗ്നിശമനസേനയും എത്തി കുട്ടികളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077. കേരളത്തിൽ ഇന്ന് മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.