ഇര്‍ഷാദിന്റെ മരണം; വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും

കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കേസിലെ പ്രധാനപ്രതി സ്വാലിഹ് യുഎഇയിലാണ്. ഇര്‍ഷാദ് മരിച്ചതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

യുവാവിന്റെ മരണത്തിന് പിന്നില്‍ വിദേശത്തുള്ള ഷംനാദ്, നാസര്‍ തുടങ്ങിയവരാണെന്ന് കുടുംബം ആരോപിക്കുന്നു. ഇവരുടെ വിദേശയാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുകയാണ്. കൊടുവള്ളി സ്വദേശിയായ സ്വാലിഹാണ് ഇര്‍ഷാദിന്റെ കയ്യില്‍ സ്വര്‍ണം കൊടുത്തയച്ചത്. ഈ സ്വര്‍ണം കൈമാറാത്തതാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ജൂലൈ ആറിനാണ് ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17നാണ് കൊയിലാണ്ടി പുഴയില്‍ നിന്നും മൃതദേഹം കിട്ടിയത്. 19ന് ഡല്‍ഹിയില്‍ നിന്നും സാലിഹ് കുടുംബസമേതം വിദേശത്തേക്ക് പോകുകയായിരുന്നു. അതേസമയം ഇര്‍ഷാദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇര്‍ഷാദിനെ അപായപ്പെടുത്തിയതിന് ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

Read more

കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപകിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ദീപകിന്റേത് ആണെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദിന്റേതാണെന്ന് കഴിഞ്ഞ ദിവസം ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.