നാലുവയസ്സുകാരിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രം തുടര്‍നടപടിയെന്ന് കമ്മീഷണര്‍

കൊല്ലം പാരിപ്പള്ളിയില്‍ നാല് വയസ്സുകാരി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദിപുവിന്റെയും രമ്യയുടെയും മകള്‍ ദിയ മരിച്ച കേസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അമ്മയുടെ മര്‍ദ്ദനമേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. എന്നാല്‍ മരണകാരണം കണ്ടെത്താന്‍ വിദഗ്ദ്ധ പരിശോധന വേണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂവെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പികെ മധു പറയുന്നു.

ഇന്ന് രാവിലെയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ അതീവ ഗുരുതരമായ നിലയില്‍ നാലു വയസ്സുകാരി ദിയയെ പ്രവേശിപ്പിച്ചത്. ബോധമറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. വായില്‍ നിന്നും രക്തം വന്നിരുന്നു. അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പാരിപ്പള്ളി പൊലീസിനെ വിവരം അറിയിച്ചു.

കുട്ടിയുടെ നില മോശമായതിനാല്‍ വിദ്ഗദ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. യാത്രക്കിടെ കഴക്കൂട്ടത്ത് വച്ച് കുട്ടിയുടെ നില മോശമായപ്പോള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഭക്ഷണം കഴിക്കാത്തിനെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്നും അമ്മ രമ്യ സമ്മതിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. പൊലീസിനോടും രമ്യ ഇക്കാര്യം സമ്മതിച്ചു.