'മുല്ലപ്പെരിയാര്‍ തകരുമെന്ന ആശങ്ക സാങ്കല്‍പികമെന്ന് കരുതാനാവില്ല'; സുപ്രീംകോടതിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി, കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ

മുല്ലപ്പെരിയാര്‍ കേസില്‍ ഈ ആഴ്ച്ച സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കാനിരിക്കെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി ഡീന്‍ കുര്യാക്കോസ് എംപി. അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കണം, അണകെട്ട് തകരുമെന്ന ആശങ്കകള്‍ സങ്കല്‍പികമാണെന്ന് കരുതി ആര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഇടുക്കി എംപിയുടെ അപേക്ഷ.

അണക്കെട്ട് നിര്‍മാണകാലത്ത് എന്‍ജിനീയര്‍മാര്‍ നിര്‍ദ്ദേശിച്ച ആയുസ് 50 വര്‍ഷമാണ്.അതിന്റെ ഇരട്ടിയിലധികം വര്‍ഷം ഇപ്പോള്‍ തന്നെ പിന്നിട്ടു കഴിഞ്ഞു. അതിനാല്‍ അണക്കെട്ടിന്റെ കാലവധി നിര്‍ണയിക്കാന്‍ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണം. മഴക്കാലത്ത് ജലനിരപ്പ് 130 അടിയിലേക്ക് താഴ്ത്തണമെന്ന ആവശ്യവുമാണ് ഡീന്‍ കുര്യാക്കോസിന്റെ പ്രധാനമായും ഉന്നയിക്കുന്നത്.

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഹിരോഷിമയിലെ ആറ്റംബോംബ് സ്ഫോടനത്തെക്കാന്‍ 180 മടങ്ങ് ശക്തി ഉണ്ടാകുമെന്നാണ് ഡീന്‍ അപകടത്തിന്റെ വ്യാപ്തി കണക്കാക്കാന്‍ ചൂണ്ടിക്കാട്ടുന്നത്. അപകടം ഉണ്ടായാല്‍ താഴെയുള്ള നാല് അണക്കെട്ടുകള്‍ കൂടി തകരും. ഒരു മണിക്കൂറിനുള്ളില്‍ വെള്ളം അറബിക്കടലില്‍ എത്തുന്ന നിലയുണ്ടാവും. ഇത് താഴ്ഭാഗത്തെ പതിനായിരക്കണക്കിനും അളുകളുടെ ജീവന് ഭീഷണിയാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. റസല്‍ജോയി നേതൃത്വം നല്‍കുന്ന സേവ് കേരള ബ്രിഗേഡ് സമര്‍പ്പിച്ച കേസിലാണ് കക്ഷി ചേരുന്നത്.