കൊച്ചി കായലില്‍ വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം; മൃതദേഹത്തിന് പത്തു മാസത്തിലേറെ പഴക്കം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കൊച്ചി കുമ്പളം കായലില്‍ വീപ്പയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെടുത്തു. വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറച്ച നിലിയിലായിരുന്നു അസ്ഥികൂടം. കായലില്‍ തള്ളിയ വീപ്പ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളുകയായിരുന്നു എന്നാണ് നിഗമനം. സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് കരുതുന്നത്.

രണ്ടുമാസം മുന്‍പാണ് ഈ വീപ്പ ഡ്രഡ്ജിംഗിനിടയില്‍ കരയ്‌ക്കെത്തിച്ചത്. ഇതില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പ് അരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മത്സ്യതൊഴിലാളികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്നാണ് പൊലീസ് എത്തി വീപ്പ പൊളിച്ച് പരിശോധന നടത്തിയത്.

മൃതദേഹം വീപ്പക്കുള്ളില്‍ ആക്കിയ ശേഷം കോണ്‍ക്രീറ്റ് ഇട്ട് നിറയ്ക്കുകയും അതിന് മുകളില്‍ ഇഷ്ടിക വച്ച് അടയ്ക്കുകയായിരുന്നു. മൃതദേഹം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്.

ഇതിന് മുന്‍പും സമാനമായ സാഹചര്യത്തില്‍ കായലില്‍നിന്ന് മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. നെട്ടൂരില്‍ പുരുഷന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി താഴ്ത്ത നിലയിലായിരുന്നു അന്ന് കണ്ടെത്തിയത്. അന്ന് ആ ചാക്കില്‍നിന്ന് ഇഷ്ടിക കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ക്കായി പരിശോധന നടത്തുകയാണ് പൊലീസ് ഇപ്പോള്‍.