പുത്തുമലയില്‍ ഒരാളുടെയും കോട്ടക്കുന്നില്‍ രണ്ടാളുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കനത്ത മഴയെതുടര്‍ന്ന് വയനാട് മേപ്പാടി പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ പെട്ട് മരിച്ച ഒരാളുടെയും മലപ്പുറം കോട്ടക്കുന്നില്‍ രണ്ടാളുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. റാണിയെന്ന ആളുടെ മൃതദേഹമാണ്പിത്തുമലയില്‍ കണ്ടെത്തിയത്.കോട്ടക്കുന്നില്‍ ഗീതു (22), ധ്രുവന്‍ (2) എന്നീ രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

പുത്തുമലയില്‍ നാല് ദിവസം മുന്‍പ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. എട്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.അതേസമയം കോട്ടക്കുന്നില്‍നിന്ന് നാലുപേരെയാണ് കാണാതായിട്ടുള്ളത്.ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

എന്നാല്‍ ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. സൈന്യവും എന്‍.ഡി.ആര്‍.എഫും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

ഉരുള്‍പ്പൊട്ടിയ പ്രദേശങ്ങളില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്്.എന്‍.ഡി.ആര്‍.എഫിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട 72 അംഗ സംഘം ജില്ലയിലെത്തിയിട്ടുണ്ട്.