പെരുന്തേനരുവി ഡാം അര്‍ദ്ധരാത്രിയില്‍ തുറന്ന സംഭവം: സമീപവാസി പൊലീസ് പിടിയില്‍

പത്തനംതിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയ ആള്‍ പൊലീസ് പിടിയില്‍. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന സാംപിള്‍ എന്നറിയപ്പെടുന്ന അജിയാണു ഷാഡോ പൊലീസിന്റെ പിടിയിലായത്. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടര്‍ തുറന്നതില്‍ ഒന്നിലധികം പേര്‍ക്കു പങ്കുള്ളതായി കെഎസ്ഇബി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്. മുക്കാല്‍ മണിക്കൂര്‍ പണിപ്പെട്ട് കെഎസ്ഇബി അധികൃതര്‍ ഷട്ടര്‍ അടച്ചു. റിമോട്ട് ഉപയോഗിച്ചാണ് ഷട്ടര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. ഈ ഷട്ടറാണ് ഉയര്‍ത്തിയത്. ഷട്ടര്‍ ലോക്കിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് നദിയിലെറിയുകയും ചെയ്തു. ഇതിനെതിരെ കെ.എസ്.ഇ.ബിയും പൊലീസും കേസെടുത്തിരുന്നു.