'കോൺഗ്രസ് നേതാക്കളും അണികളും നടത്തിയ സൈബർ ആക്രമണങ്ങൾ'; എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കോൺഗ്രസ് നേതാക്കളും അണികളും നടത്തിയ സൈബർ ആക്രമണങ്ങൾ ഓരോന്നായി എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം നേരത്തെ ആൾക്കാരെ നേരിട്ട് കൊല്ലുകയായിരുന്നു ഇപ്പോൾ സൈബർ സ്പേസിലൂടെ ആണ് ചിത്രവധം ചെയ്യുന്നത് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിപറയുകയായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി.

ചിലർ വിവാദം ഉയർന്നുവരണം എന്ന് ആഗ്രഹിക്കുന്നു. എതിരാളികളെ കൊല്ലുന്ന കാര്യം ആണല്ലോ പ്രതിപക്ഷ നേതാവ് പറഞ്ഞത്, ചെറിയ സമയം പോരാ അത് പറഞ്ഞു തുടങ്ങിയാൽ, കാരണം മൊയ്യാരത്ത് ശങ്കരൻ മുതൽ ഉള്ള സംഭവങ്ങൾ നമ്മൾ പരിശോധിക്കേണ്ടി വരും. അത് വളരെ ദീർഘമാണ് എന്നുള്ളത് കൊണ്ട് അതിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഓരോന്നായി ഉന്നയിച്ചത്.

അടുത്ത കാലത്ത് തൃശൂരിൽ മധു, ലാൽജി, ഹനീഫ് ആ മൂന്ന് പേരും കോൺഗ്രസുകാർ തന്നെയായിരുന്നല്ലോ, പ്രതിപക്ഷ നേതാവ് ആ പേരുകൾ ഏതെങ്കിലും ഘട്ടത്തിൽ പറയുന്നുണ്ടോ, എന്താണ് അത് മറന്നു പോയാതാണോ? അത് എങ്ങനെ നടന്ന കൊലകളാണ് എന്നതിന്റെ ചരിത്രത്തിലേക്ക് ഒന്നും ഞാൻ ഇപ്പോൾ പോകുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പറയുന്നത് സി.പി.എം ഗുണ്ടകളുടെ സൈബർ വധം, അതിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് ഒരാൾക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണവും ഉണ്ടാവരുത് എന്ന് തന്നെയാണ് വ്യക്തമായ നിലപാട്. അത് സൈബർ സ്പേസിൽ ആയാലും മീഡിയ സ്പേസിൽ ആയാലും ഈ നിലപാട് തന്നെയാണ്. എല്ലാ കാലത്തും ഈ നിലപാടായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.

സൈബർ ആക്രമത്തിന്റെ കാര്യത്തിൽ ഒരു വശം മാത്രം നോക്കിയാൽ പോരാ എല്ലാ വശങ്ങളും നോക്കണം. ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ പ്രവർത്തനങ്ങളെ പറ്റി പൊതുസമൂഹത്തിൽ നല്ല അഭിപ്രായമാണ് ഉള്ളത്. എന്നാൽ ചിലർക്ക് ഇക്കാര്യത്തിൽ അസഹിഷ്ണുത ആയിരുന്നു. കെ. കെ ശൈലജയെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡാൻസർ എന്ന് വിളിച്ചു. അതുപോലെ ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ കെ. കെ ശൈലജയെ അപമാനിക്കാനും മോർഫ് ചെയ്യാനുമായി യു.ഡി.എഫിന്റെ സൈബർ സംഘം ഫെയ്സ്ബുക്കിൽ ഗ്രൂപ്പ് ഉണ്ടാക്കി. അത്യന്തം മോശമായ പോസ്റ്റുകളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. കഴിഞ്ഞ മാസമാണ് മേഴ്‌സി കുട്ടിയമ്മ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ഭീകരമായ സൈബർ തെറിവിളികൾക്ക് ഇരയായത്. അസഭ്യവർഷം കൊണ്ടാണ് മേഴ്‌സി കുട്ടിയമ്മയെ നേരിട്ടത്. കൊറോണ കാലത്ത് ബെന്യാമിൻ എന്ന ആദരണീയനായ എഴുത്തുകാരൻ സൈബർ അക്രമത്തിന് ഇരയായി. അസഭ്യമായ വാക്കുകൾ ആ എഴുത്തുകാരനെതിരെ പ്രയോഗിക്കപ്പെട്ടു. അതിന് നേതൃത്വം നൽകിയത് കോൺഗ്രസിന്റെ യുവ എം.എൽ.എ ആയിരുന്നു എന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കുറച്ചു നാളുകൾക്ക് മുമ്പാണ് എഴുത്തുകാരി കെ.ആർ.മീരയെ ഒരു യുവ കോൺഗ്രസ് എം.എൽ.എ അധിക്ഷേപിച്ചത്. അതിന് ശേഷം തന്റെ കീഴിൽ ഉള്ള സൈബർ സംഘത്തിന് തെറി വിളിക്കാൻ പ്രോത്സാഹനവും നൽകി. അങ്ങെയറ്റം നിലവാരമില്ലാതെ അല്ലേ ആ എം.എൽ.എ അന്ന് കെ.ആർ.മീരയെ ആക്ഷേപിച്ചത് എന്ന് മുഖ്യമന്ത്രി ചോദിച്ചു.

ലോകം തന്നെ ആദരിക്കുന്ന നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ ഈ കോൺഗ്രസ് നേതാവ് അധിക്ഷേപിക്കുക മാത്രമല്ല തന്റെ സംഘങ്ങൾക്ക് എ.കെ.ജിയെ ആക്രമിക്കാൻ പ്രോത്സാഹനം നൽകുന്നതും നമ്മൾ കണ്ടില്ലേ ഇപ്പോഴും ആ ആക്രമണം തുടരുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. അന്ന് ഒരു പ്രത്യേകത ഉണ്ടായി, ആ നടപടിയെ കെ.പി.സി.സി അദ്ധ്യക്ഷൻ വിമർശിച്ചു. അപ്പോൾ ആ അദ്ധ്യക്ഷന് ഇദ്ദേഹത്തിന്റെ അണികളിൽ നിന്നും സൈബർ ആക്രമണം നേരിടേണ്ടി വന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്കിൽ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തിയതിനാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ ഒരു വനിത ഈ അടുത്ത് കേസ് നടത്തിയത്. ഇവിടെ തെറി അഭിഷേകം നടത്തിയ അതേ ദിവസം തന്നെ. മറ്റൊരു യുവ നേതാവ് കോൺഗ്രസ് എം.എൽ.എ ന്യായീകരിക്കാൻ ഇറങ്ങി ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് അസഭ്യം പറഞ്ഞത് നമ്മൾ കണ്ടു. പോസ്റ്റിൽ കമന്റ് ഇട്ട സ്ത്രീകളെ അടക്കം അതിന് മറുപടിയെന്നോണം അസഭ്യം പറഞ്ഞില്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ആ സംഭവം കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഹനാൻ എന്ന പെൺകുട്ടി.മേഴ്സിക്കുട്ടിയമ്മയും മീരയുമൊക്കെ നേരിട്ടതിനേക്കാൾ അതിഭീകരമായ അശ്ലീലം പറഞ്ഞുള്ള തെറിവിളികൾക്ക് വിധേയയായത്. പ്രതിപക്ഷ നേതാവിനെ വിമർശിച്ചു എന്നതാണ് ചാർത്തപ്പെട്ട കുറ്റം. പ്രതിപക്ഷ നേതാവ് പണിതു തന്ന വീട്ടിൽ ഇരുന്ന് അതേ ആളേ വിമർശിക്കാൻ നാണമില്ലേ എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്, അത് പുരോഗമിച്ചാണ് അശ്ലീലത്തിലേക്ക് നീണ്ടത്. പിന്നെ അതിന്റെ ഒരു പ്രവാഹമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടും രാജ്യവും ലോകവും നിപ്പയെ തുരത്തിയതിന് നാം നടത്തിയ പ്രവർത്തനങ്ങൾക്ക് ഇടയിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനിയുടെ കുടുംബത്തെ സോഷ്യൽ മീഡിയയിലും പുറത്തും വേട്ടയാടാനുള്ള ശ്രമം നടന്നത് നമ്മൾ മറന്നു പോയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാർച്ച് നടത്തിയില്ലേ, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നതും നാം കണ്ടില്ലേ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ അഭിനന്ദിക്കുകയും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയ പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്തത് ആയിരുന്നു കാരണം.

ന്യൂസ് 18 ലെ ഒരു അവതാരകയെ കേട്ടാൽ അറയ്ക്കുന്ന അധിക്ഷേപം ഇക്കൂട്ടർ നടത്തി. ഒടുവിൽ ചാനലിന് എതിരെയും ഭീഷണി വന്നു. അപ്പോൾ ആ അവതാരകയെ പ്രൈം ടൈം ന്യൂസിൽ നിന്നും മാറ്റി നിർത്തുന്ന അവസ്ഥ ഉണ്ടായി. ഏഷ്യാനെറ്റിലെ ഒരു അവതാരകക്കെതിരെ ഒരു കോൺഗ്രസ് പേജിൽ വാർത്ത വന്നു ഭീഷണി മുഴക്കി. ഇതിന്റെ ഭാഗമായി ചിലരെ അറസ്റ്റ് ചെയ്തു. അവരെ ജയിലിൽ പോയി സ്വീകരിച്ചതും നമ്മൾ കണ്ടു. മനോരമയിലെ ഒരു അവതാരകക്ക് എതിരെയും കേട്ടാൽ അറയ്ക്കുന്ന രീതിയിൽ ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങൾ നടത്തി. എത്ര മാധ്യമങ്ങൾ ഇതിനെതിരെയെല്ലാം പ്രതിഷേധവും ചർച്ചകളും നടത്തി എന്ന് മുഖ്യമന്ത്രി ചോദിച്ചു. ആ ഒരു ഇരട്ടതാപ്പിന്റെ വശം താൻ നേരത്തെ ചൂണ്ടി കാണിച്ചതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും സ്വന്തം പാർട്ടിയിലെ ജനപ്രതിനിധികളോട് എങ്കിലും മാന്യമായി സോഷ്യൽ മീഡിയയിൽ ഇടപെടാൻ പറയണം എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.