ജാതിയുടെ പേരിൽ കൊടിക്കുന്നിൽ നേരിട്ട ആക്രമണം കോൺഗ്രസിന്റെ സംഘപരിവാർ മനസ്സിന്റെ തെളിവ്: ഡി.വൈ.എഫ്‌.ഐ

ജാതിയുടെ പേരിൽ കൊടിക്കുന്നിൽ സുരേഷ് എംപി കോൺഗ്രസുകാരിൽ നിന്നും നേരിടേണ്ടി വന്ന സൈബർ ആക്രമണം കോൺഗ്രസിനുള്ളിലെ സവർണ മേധാവിത്വത്തിന്റെയും സംഘപരിവാർ ബോധത്തിന്റെയും തെളിവാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

“കെ.പി.സി.സി പ്രസിഡന്റാകാന്‍ എല്ലാ യോഗ്യതയും ഉള്ളതു കൊണ്ടാണ് അതിനായി ശ്രമിച്ചത്, എന്നാല്‍ ദളിതനായതു കൊണ്ടു മാത്രം നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണ്. ജാതി പറഞ്ഞ് കുടുംബത്തെ പോലും അധിക്ഷേപിച്ചു. തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ സംവരണം ഉള്ളതു കൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും വളരാന്‍ കഴിഞ്ഞത്” എന്ന കൊടിക്കുന്നിൽ സുരേഷിന്റെ വെളിപ്പെടുത്തൽ കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

കോൺഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്‌മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണെന്നതിന്റെ മറ്റൊരു തെളിവാണിത്. വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിനെ നയിക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാർ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകൾക്ക് പിന്നിൽ. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും സവർണ മനോഭാവത്തോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌ക്കരണമാണ് കോൺഗ്രസിന്റെ ഈ നിലപാട്. ഇത് ആദ്യത്തെ സംഭവമല്ല. വയലാർ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെ തുടർന്നുണ്ടായ സംഭവങ്ങളും മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്നു അധിക്ഷേപിച്ച ഇന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടുമൊക്കെ ഇതിന് ഉദാഹരണമാണ്. ഈ അവസരത്തിലൊക്കെ കോൺഗ്രസ് നേതൃത്വം പുലർത്തിയ മൗനമാണ് ഇത്തരം പ്രവണതകൾക്ക് ശക്തി പകർന്നത്.

Read more

മനുഷ്യരെ തൊഴിലിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം കാണുന്ന മാനസിക രോഗമാണ് കോൺഗ്രസിന്. ദളിതനായതിനാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെന്നും കുടുംബത്തിനു പോലും സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്ന കൊടിക്കുന്നിൽ സുരേഷിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് മറുപടി പറയണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.