പ്രോട്ടോക്കോള്‍ ലംഘിച്ച് മതഗ്രന്ഥവും ഈന്തപ്പഴവും കെെപ്പറ്റിയ സംഭവം; കസ്റ്റംസ് കേസെടുത്തു

Advertisement

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ നിയമം ലംഘിച്ചതായും ചില ശക്തരായ ആളുകളുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഉടന്‍ നോട്ടീസയക്കുമെന്നാണ് സൂചന.

ടാക്സ് അടക്കം ഇല്ലാതെ ആയിരം കിലോക്ക് മുകളില്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതിലൂടെ കസ്റ്റംസ് ആക്ട് ലംഘിച്ചതായി കസ്റ്റംസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മന്ത്രി ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗത്തു നിന്ന് പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിട്ടുണ്ട്.

മറ്റു രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കൈപറ്റാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് കൃത്യമായി ബോദ്ധ്യമുണ്ടായിരുന്നതായും എന്നിട്ടും സംസ്ഥാനം അത് കൈപ്പറ്റി വിതരണം നടത്തിയതായും കസ്റ്റംസ് പറഞ്ഞു. ഇത് കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങള്‍, കള്ളപ്പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ ചട്ടം എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും കസ്റ്റംസ് പറഞ്ഞു. പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

നയതന്ത്രചാനല്‍ വഴി ബാഗേജുകള്‍ എത്തിക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റ്  മൂന്നുവര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും അപേക്ഷ നല്‍കിയില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റ് കൂടി ഉള്‍പ്പെട്ട സംഭവമായതിനാല്‍ കേസെടുക്കുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.