സ്വര്‍ണക്കടത്ത്: മുന്‍ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ പിടിയില്‍. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടിസ് നല്‍കിയിരുന്നു. ഇതനുസരിച്ച് കൊച്ചിയില്‍ സിബിഐ ഓഫീസില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി.

കോഫപോസെ നിയമപ്രകാരം രാധാകൃഷ്ണനെ ഉള്‍പ്പടെയുള്ള പ്രതികളെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഉത്തരവ് വന്നതിന് ശേഷം വിഷ്ണു സോമസുന്ദരം, ബി. രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവില്‍ പോയിരുന്നു. ബാക്കി അഞ്ചു പേര്‍ ഇപ്പോഴും കോഫപോസെ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ് ഉള്ളത്.

നേരത്തെ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഡി.ആര്‍.ഐ ആണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബി. രാധാകൃഷ്ണനുമായി ബന്ധമുള്ളതായി പരാമര്‍ശിച്ചിട്ടുണ്ട്.

കേസിലെ ഒരു പ്രതി വിഷ്ണു സോമസുന്ദരത്തെ ബി. രാധാകൃഷ്ണനുമായി പരിചയപ്പെടുത്തിയത് ബാലഭാസ്‌കര്‍ ആയിരുന്നതായാണ് കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് രാധാകൃഷ്ണനോട് സിബിഐ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് ഇദ്ദേഹം ഹാജരാകാന്‍ സിബിഐ ഓഫിസിലെത്തിയത്. ഇനി സിബിഐക്ക് ഇദ്ദേഹത്തെ ജയിലില്‍ എത്തിയോ, കോടതി മുഖേന കസ്റ്റഡിയില്‍ ആവശ്യപ്പെട്ടോ ചോദ്യം ചെയ്യേണ്ടിവരും.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ കേസിലായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ അറസ്റ്റ്. ഇതിനു പുറമേ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള പല സ്വര്‍ണക്കടത്തിലും രാധാകൃഷ്ണന് പങ്കുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശികളായ സെറീന ഷാജിയും സുനില്‍കുമാറും ചേര്‍ന്ന് ഹാന്‍ഡ് ബാഗില്‍ വെച്ചാണ് 25 കിലോ സ്വര്‍ണം കടത്താനായി കൊണ്ടുവന്നത്.

Read more

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 705 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താനായി പ്രതികള്‍ക്ക് കൂട്ടുനിന്നത് ബി. രാധാകൃഷ്ണനാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. പ്രതികള്‍ സ്വര്‍ണവുമായി വന്നിരുന്ന സമയത്തെല്ലാം എക്സ് റെ പരിശോധന ബി. രാധാകൃഷ്ണനാണ് നിയന്ത്രിച്ചിരുന്നത്. ഈ കാലയളവിലാണ് പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവുമായി കടന്നുപോയത്.