ഡോളർ കടത്ത് കേസ്; സ്പീക്കർ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

Advertisement

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് സ്പീക്കർ നൽകിയ വിശദീകരണം.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ മറുപടി നൽകുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു.

സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്.

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി ഹൈക്കോടതിയുടെ നിർദേശത്തിന് വിരുദ്ധമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.