കോവിഡ് രോ​ഗബാധിതരുടെ ഫോൺകോൾ പൊലീസ് ടാപ്പ് ചെയ്യുന്നു; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന്

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ കോവിഡ് രോ​ഗബാധിതരുടെ ഫോൺകോളുകൾ പൊലീസ് ടാപ്പ് ചെയ്യുന്നെന്ന് റിപ്പോർട്ട്. കോവിഡ് പോസിറ്റീവ് ആയവരുടെ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കുന്നതിന്റെ ഭാ​ഗമായി ഇവരുടെ ഫോൺകോളുകൾ പൊലീസ് ശേഖരിക്കാൻ തീരുമാനിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച കേരള ഡി.ജി.പി ലോക്നാഥ് ബെഹറ മുതിർ ഉദ്യോ​ഗസ്ഥർക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോ​ഗ്യപ്രവർത്തകരെ സഹായിക്കാനായി പൊലീസിന് കൂടുതൽ ചുമതലകൾ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

പൊലീസിന്റെ പുതിയ തീരുമാനത്തിനെതിരെ നിരവധി പേർ രം​ഗത്തെത്തി. ഒരു പകർച്ചവ്യാധി ഉണ്ടായെന്നു കരുതി മനുഷ്യരുടെ മൗലികാവകാശമൊന്നും സ്റ്റേറ്റിനോ പൊലീസിനോ ആരും അടിയറ വെച്ചിട്ടില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടിപ്പോയാൽ വിവരം മറച്ചു വെയ്ക്കുന്നതിന് കേസെടുക്കാം. ഭരണഘടന ഒക്കെ ഇവിടെത്തന്നെ ഉണ്ട്. ലൊക്കേഷൻ ട്രേസ് ചെയ്യുന്ന ആരോഗ്യസേതു ആപ്പ് പോലും നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല. അതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത കേസിൽ നോട്ടീസ് കൈപ്പറ്റിയിരിക്കുകയാണ് സർക്കാർ.

അപ്പോഴാണ് പൗരന്മാരുടെ ഫോൺകോൾ വിവരങ്ങൾ ചോർത്തുന്നത്. സർവൈലൻസ് സ്റ്റേറ്റ് ആക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്ന് ഹരീഷ് കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്ക് സമയം കിട്ടുമ്പോൾ, സ്വകാര്യത സംബന്ധിച്ച സി.പി.ഐ.എം പോളിറ്റ് ബ്യുറോയുടെ നിലപാടുകൾ, തീരുമാനങ്ങൾ, പത്രക്കുറിപ്പുകൾ എന്നിവ വായിച്ചു നോക്കണമെന്നും കുറിപ്പിൽ പറയുന്നു.

https://www.facebook.com/harish.vasudevan.18/posts/10158694381452640