മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം; അനുപമയുടെ വിഷയം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അഭിപ്രായം

 

സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തില്‍ മാറ്റം വരുത്താതിരുന്നതിനെ തുടര്‍ന്ന് സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ഭരണം കിട്ടിയപ്പോള്‍ ആദ്യ ടേമിലെ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ തുടരേണ്ടതില്ല എന്നായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ഈ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം.

മറ്റ് മന്ത്രിമാരെല്ലാം സ്റ്റാഫ് അംഗങ്ങളെ മാറ്റി. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന് നാണക്കേട് വരുത്തിവച്ച സ്റ്റാഫിനെ മുഖ്യമന്ത്രി നിലനിര്‍ത്തിയതാണ് വിമര്‍ശനത്തിന്റെ പ്രധാന കാരണം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സംഘത്തിന് കഴിഞ്ഞ തവണത്തേതില്‍ നിന്ന് വലിയ മാറ്റമൊന്നും ഇല്ല. കഴിഞ്ഞ തവണ ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എം.സി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ ആയി നിലനിര്‍ത്തി.

ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്ന എന്‍. പ്രഭാവര്‍മയെ മീഡിയ വിഭാഗം സെക്രട്ടറിയാക്കി. പി.എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ. എ. രാജശേഖരന്‍ നായര്‍ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. സി.എം രവീന്ദ്രന്‍, പി. ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.

വി.എം സുനീഷാണ് പേഴ്‌സണല്‍ അസിസ്റ്റന്റ് ജി.കെ ബാലാജി അഡീഷണല്‍ പി.എയാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ രാജ്യസഭാംഗവുമായ കെ.കെ രാഗേഷാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും തുടരുന്നു.

സമ്മേളനത്തില്‍ ദത്ത് വിവാദത്തിനെതിരെയും വിമർശനം ഉയർന്നിരുന്നു. അനുപമയുടെ വിഷയം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് സമ്മേളനത്തില്‍ ഉയര്‍ന്ന അഭിപ്രായം. സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് നേരെയും വിമര്‍ശനമുണ്ട്. നടപടികള്‍ സ്വീകരിക്കന്‍ വൈകുന്നതിനെയും ഏരിയാ സമ്മേളനം വിമര്‍ശിച്ചു.

അതേസമയം, സി.പി.എമ്മിന്റെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ തീവ്രത കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലൂടെ കഴിയും എന്നാണ് സിപിഎം കരുതുന്നത്. കഴിഞ്ഞ തവണ പകുതി ജില്ലകളില്‍ പിണറായിയും ബാക്കിയിടങ്ങളില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമാണു സമ്മേളനങ്ങള്‍ നിയന്ത്രിച്ചത്. മുഖ്യമന്ത്രിക്ക് പുറമേ പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലക്യഷ്ണന്‍, എസ്.രാമചന്ദ്രന്‍ പിള്ള, എം.എ.ബേബി എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ടീമുകളാക്കി അംഗങ്ങളെ തിരിച്ച് സമ്മേളനങ്ങളുടെ നടത്തിപ്പു ചുമതല നല്‍കും. വിഭാഗീയതയും മത്സരങ്ങളും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കളുടെ വലിയൊരു സംഘത്തിനെ സമ്മേളന നടപടികള്‍ നിയന്ത്രിക്കാനായി വിന്യസിക്കുന്നത്.