സുരേന്ദ്രന് കീഴിൽ ഭാരവാഹികളാകാൻ സീനിയർ നേതാക്കളില്ല, കേരള ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷം

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് കീഴില്‍ ഏതെങ്കിലും പദവി ഏറ്റെടുക്കാനില്ലെന്ന് ആവർത്തിച്ച് എ.എന്‍ രാധാകൃഷ്ണന്‍. ദേശീയ സംഘടന സെക്രട്ടറി ബി. എൽ സന്തോഷുമായുള്ള ചര്‍ച്ചയിലും രാധാകൃഷ്ണന്‍ നിലപാട് ആവര്‍ത്തിച്ചതായാണ് റിപ്പോർട്ടുകൾ. സുരേന്ദ്രന് കീഴിൽ സെക്രട്ടറിയയായി പ്രവർത്തിക്കാൻ താത്പര്യമില്ലെന്ന് എം. ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരും വ്യക്തമാക്കിയതായാണ് പുറത്തു വരുന്ന വിവരം. ഇവരെല്ലാം പാർട്ടിയിൽ കെ. സുരേന്ദ്രനെക്കാൾ സീനിയറാണ്. മാത്രവുമല്ല, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഈ മൂന്ന് പേരെയും പരിഗണിക്കുകയും ചെയ്തിരുന്നു. ശോഭ സുരേന്ദ്രൻ പ്രസിഡന്റാവുമെന്ന് വിവിധ മോർച്ചകളുടെ ഭാരവാഹികൾ പ്രതീക്ഷിച്ചിരുന്നു.

കെ.സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത മറനീക്കി പുറത്തു വരികയാണ് . കാസര്‍ഗോട്ടെയും തിരുവനന്തപുരത്തെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഭാരവാഹികള്‍ രാജി വെച്ചിരുന്നു. കാസർഗോഡ് പ്രമുഖ നേതാവും നിയമ സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്ന രവീശ തന്ത്രി കുണ്ടാർ രാജി വെച്ചത് വലിയ വിവാദമായിരുന്നു. കെ. ശ്രീകാന്തിനെ നാലാം തവണയും ജില്ലാ പ്രസിഡന്റായി നിയോഗിച്ചതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് രവീശ തന്ത്രി. രാഷ്ട്രീയ പ്രവർത്തനം തന്നെ ഉപേക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

ഭാരവാഹി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ്. മഹേഷ് കുമാര്‍ രാജി വെച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ നേതാവിനെ ഭാരവാഹി നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയുണ്ടായത്. കെ.സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷ ചുമതല ഏറ്റെടുത്ത ശേഷം തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരെ നിയമിച്ചിരുന്നു. ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ഭാരവാഹി നിർണയം മാറ്റിവെച്ചിരിക്കുകയായിരുന്നു.

സംസ്ഥാന അദ്ധ്യക്ഷന്‍ ഗ്രൂപ്പടിസ്ഥാനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ഗ്രൂപ്പുകളിക്ക് കൂട്ടു നില്‍ക്കുകയാണെന്നും രാജിവെച്ച മഹേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും 200 ഓളം പേര്‍ രാജിക്കൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പില്‍ വലിയശാല പ്രവീണായിരുന്നു കൂടുതല്‍ വോട്ടുകള്‍ നേടിയത്.എന്നാല്‍ ഇദ്ദേഹത്തെ പരിഗണിക്കാതെ മൂന്നാം സ്ഥാനത്തെത്തിയ കൗണ്‍സിലര്‍ കൂടിയായ എസ്.കെ.പി രമേശിനെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതോടെ മണ്ഡലത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയായിരുന്നു.

നേരത്തെ ചുമതലയേകുമ്പോൾ തനിക്ക് ഗ്രൂപ്പില്ലെന്നും പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ സുരേന്ദ്രൻ പക്ഷം എന്നൊന്ന് ഉണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം സ്ഥാനമേറ്റത്. എന്നാൽ അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു. കൃഷ്ണദാസ് പക്ഷത്തെ വെട്ടി കേന്ദ്രമന്ത്രി വി മുരളീധരപക്ഷത്തെ പ്രമുഖനായ കെ. സുരേന്ദ്രനാണ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്. ഇതിൽ കൃഷ്ണദാസ് പക്ഷം കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ബി ജെ പിയിൽ ഗ്രൂപ്പ് പോര് മുറുകുന്നത്. ഭാരവാഹികളായി പുതിയ ആളുകൾ വരുമെന്നാണ് വിലയിരുത്തൽ. എന്നാൽ പഴയ മുഖങ്ങളെ പറ്റിയ ലാവണങ്ങളിലാക്കുക എന്നതും കേരളത്തിൽ ബി ജെ പി നേരിടുന്ന വെല്ലുവിളിയാണ്.