‘സര്‍വ്വീസിലിരിക്കെ സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതി’; ജേക്കബ്ബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്

ഡിജിപി ജേക്കബ്ബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അദ്ദേഹം വിജിലന്‍സ് ഡയറക്ടറായിരിക്കെ അനുമതിയില്ലാതെ’സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം
എഴുതിയതിന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍വ്വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിനാണ് നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയരിക്കുന്നത്. വകുപ്പു തല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനുമതിയില്ലാതെ ആത്മകഥയെഴുതിയത് ചട്ടലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.’സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം’ എഴുതിയത് ചട്ടവിരുദ്ധമായാണെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്. അമ്പതിലധികം സ്ഥലത്ത് ചട്ടലംഘനമുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമപ്രശ്നം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. കെ.സി. ജോസഫ് എംഎഎല്‍എ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ചടങ്ങില്‍ നിന്ന് പിന്മാറിയിരുന്നത്.

പുസ്തക രചനയ്ക്ക് ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് നിയമ സെക്രട്ടറി ഉപദേശം നല്‍കിയതോടെ മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് പിന്മാറിയിരുന്നത്.
തുടര്‍ന്ന് പുസ്തകത്തിന്റെ പ്രകാശനം ചടങ്ങ് റദ്ദ് ചെയ്തിരുന്നു.

30 വര്‍ഷം നീണ്ട സര്‍വീസ് കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ഏറെ ചര്‍ച്ചയായിരുന്നു. ബാര്‍ കോഴ കേസിന്റെ അന്വേഷണത്തിന്റെ ദിശ മാറ്റാന്‍ കെ. ബാബുവിനെ സംരക്ഷിക്കുന്നവര്‍ ശ്രമിച്ചുവെന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ പരോക്ഷ പരാമര്‍ശം ആത്മകഥയില്‍ ഉണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും ജേക്കബ് തോമസ് ആത്മകഥയില്‍ പറഞ്ഞിരുന്നു.

തന്നേക്കാള്‍ ജൂനിയറായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ട വിരുദ്ധമായാണ്. സത്യസന്ധമായി പ്രവര്‍ത്തിച്ചതിനാല്‍ മനസ്സിന് സുഖമില്ലാത്തവന്‍ എന്നതടക്കം നിരവധി ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി കാണാന്‍ ആഗ്രഹിച്ചിരുന്നു. നല്ലതും ഉറച്ചതുമായ തീരുമാനങ്ങളെടുക്കാനും എന്തു വില കൊടുത്തും അവ നടപ്പാക്കാന്‍ ശ്രമിക്കാനുമുള്ള താല്‍പ്പര്യം പിണരായി വിജയനെ ഭൂരിപക്ഷം രാഷ്ട്രീയക്കാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നുവെന്ന് ആത്മകഥയില്‍ ജേക്കബ് തോമസ് പറഞ്ഞിരുന്നു.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം പുതിയ പുസ്തകത്തില്‍ എല്ലാ കാര്യങ്ങളും അതിന്റെ കാരണങ്ങളും വിശദീകരിക്കുമെന്ന് ഐഎംജി ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഇപ്പോഴത്തെ പുസ്തകത്തില്‍ 14 സ്ഥലത്തു ചട്ടലംഘനം ഉണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍, 14 സ്ഥലങ്ങളില്‍ മനുഷ്യര്‍ക്കു പീഡനം ഏറ്റെന്നു കേട്ടു എന്നായിരുന്നു മറുപടി. സിവില്‍ സര്‍വീസില്‍, രണ്ടു കുട്ടികളേ പാടുള്ളൂവെന്നാണു ചട്ടം. മൂന്നാമത്തെ കുട്ടി ചട്ടലംഘനമാണ്. കുട്ടി ഉണ്ടായിപ്പോയിഅദ്ദേഹം പരിഹസിച്ചിരുന്നു. ജേക്കബ് തോമസ് പുസ്തകം രചിച്ചതു സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്നു നേരത്തേ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.