ബൈക്ക് ഇടിച്ചിട്ട ശേഷം യുവാവിന്റെ തലയിലൂടെ കാര്‍ കയറ്റി കൊന്നു; കേസില്‍ ഒരാള്‍ അറസ്റ്റില്‍

ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. കായംകുളം കരിയിലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാനെയാണ് ഒരുസംഘം ആളുകള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കായംകുളം സ്വദേശി ഷിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളം ചിറക്കടവില്‍ ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബാറിനു സമീപത്തായിരുന്നു കൊലപാതകം. ബാറിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബാറില്‍ വെച്ച് ഷമീര്‍ ഖാന്‍ ഒരുസംഘം ആളുകളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒന്നാം പ്രതി ഷിയാസ് കാറിടിപ്പിച്ചു. റോഡിലേക്ക് വീണ ഷമീറിന്റെ തലയിലൂടെ കാര്‍ ഓടിച്ചു കയറ്റുകയും ഷമീര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു.

കൊലപാതക ശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഇവരെ കിളിമാനൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാളെ മാത്രമെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശികളായ സാഹില്‍, അജ്മല്‍ എന്നിവരാണ് മറ്റു പ്രതികള്‍. അജ്മല്‍ മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.