'സ്വർണക്കടത്തിന്  ടെലിഗ്രാമിൽ 'സി.പി.എം കമ്മിറ്റി' എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി, തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തത് സന്ദീപ്': സരിതിന്റെ മൊഴി പുറത്ത്

സ്വർണ കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാമിൽ ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നൽകിയെന്നും യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ മൊഴി.  എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് പുറത്തായത്.  സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തു. ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു.

കേസിൽ മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യഹർജി നൽകി. ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ശിവശങ്കർ ഇപ്പോൾ. ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് തുടർചികിത്സയിൽ തീരുമാനമെടുക്കും. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിൻറെ നീക്കവും.

അതേസമയം  സ്വപ്ന സുരേഷ് 1,90,000 രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ കസ്റ്റംസ് ഇന്ന് കൂടുതൽ തെളിവുകൾ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ കൊഫെപോസ പ്രകാരം കരുതൽതടങ്കലിലുള്ള സ്വപ്നയെയും സരിത്തിനെയും ജയിലിലെത്തി അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാൽ പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ആക്സിസ് ബാങ്കിന്‍റെ കരമന ശാഖയിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് അന്വേഷണം. അനധികൃതമായി ഡോളര്‍ നല്‍കാന്‍ സ്വപ്ന സുരേഷാണ് ആദ്യം സമ്മര്‍ദ്ദം ചെലുത്തിയതെന്നും , വഴങ്ങാത്തതിനെ തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ ശിവശങ്കർ വിളിച്ചതായും മൊഴിയിലുണ്ട്.