75 കഴിഞ്ഞ നേതാക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാൻ സി.പി.എം; ജില്ലാ കമ്മിറ്റിയില്‍ ഇനി മുതല്‍ അഞ്ച് വനിതാ അംഗങ്ങളും

സിപിഎമ്മിന്റെ വിവിധ ഘടകങ്ങളില്‍ 75 വയസ്സ് പ്രായപരിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി വരുമാനമോ ഉപജീവനമാര്‍ഗമോ ഇല്ലാത്ത, 75 വയസ്സ് പൂര്‍ത്തിയായ നേതാക്കള്‍ക്ക് മാസം തോറും നിശ്ചിത തുകയും ചികിത്സാസഹായവും നല്‍കാന്‍ സിപിഎം തീരുമാനിച്ചു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇതിനു വേണ്ടി അക്കൗണ്ട് ഫണ്ട് ആരംഭിക്കാനും സംസ്ഥാന കമ്മിറ്റി നിർദ്ദേശം നല്‍കിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ശേഷമാണ് സഹായപദ്ധതി ആരംഭിക്കുക. രക്തസാക്ഷി കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ പാര്‍ട്ടി ഫണ്ട് സമാഹരിക്കാറുള്ളത്. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് അംഗങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കു ജോലി നല്‍കുന്ന പതിവുമുണ്ട്.

Read more

സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗങ്ങളായ വനിതകള്‍ അതതു ജില്ലാ ഘടകത്തിലെയും അംഗങ്ങളാകും. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റുകളില്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങള്‍ ഇല്ല. അതിനാല്‍ ജില്ലാ സെക്രട്ടേറിയറ്റുകളിലേയ്ക്ക് ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. കുറഞ്ഞത് 5 വനിതാ അംഗങ്ങളെയെങ്കിലും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.