കാർഷിക ബില്ലിന് എതിരെ പ്രതിഷേധിച്ചതിന് എം.പിമാരെ സസ്പെൻഡ് ചെയ്ത സംഭവം; സംസ്ഥാനത്ത് ഇന്ന് സി.പി.എം പ്രതിഷേധം

കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് ഇടതുപക്ഷ എംപിമാർ ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഇന്ന് സംസ്ഥാനത്ത് സി പി എം പ്രതിഷേധം. കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനംചെയ്തു.

കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഈ ദുരന്തത്തിന്റെ തുടർച്ചക്കാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ വഴിയൊരുക്കുക. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കർഷകരുടെ വിയർപ്പും ജീവിതവും കോർപ്പറേറ്റുകൾക്ക് അടിയറ വെയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുക.

രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് എംപിമാർ നടത്തിയത്. പാർലമെന്റിൽ ജനാധിപത്യപരമായ വിയോജിപ്പുകൾ പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പാർലമെന്റിൽ മാത്രമല്ല, രാജ്യത്താകെ കർഷക പ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയർന്നു കഴിഞ്ഞു. അതിന്റെ മുൻനിരയിൽ സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഉണ്ടാവുമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

കെ.കെ രാഗേഷ്, എളമരം കരീം, ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട എം.പിമാര്‍. ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടു കൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്.

അതേസമയം എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളും പ്രതിപക്ഷത്തെ 15 രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് പാര്‍ലമെന്റ് പാസാക്കിയ ബില്ലുകളില്‍ ഒപ്പിടരുതെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കി.