യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം ലഭിച്ചതിലൂടെ പൊളിഞ്ഞത് സി.പി.എം- പൊലീസ് ഗൂഡാലോചന : വി.ഡി സതീശന്‍

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഈ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലില്‍ അടയ്ക്കാന്‍ പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് കേരള ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായത്. വിമാനത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി ഇറങ്ങി പോയ ശേഷമാണ് യുവാക്കള്‍ പ്രതിഷേധിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും ദുഷ്ടലാക്കോടെയാണ് പിന്നീട് മാറ്റിപ്പറഞ്ഞത്.

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ പൊതുസമൂഹത്തിന് മുന്നില്‍ തലകുനിച്ച് നടക്കേണ്ടി വന്ന മുഖ്യമന്ത്രിയെ ഈ വിവാദങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്, സി.പി.എം നേതാക്കളും പൊലീസ് തലപ്പത്തെ ഉന്നതരും ചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കള്ളക്കഥ മെനഞ്ഞത്. പക്ഷെ ഈ കള്ളക്കഥയും ഗൂഡാലോചനയുമൊന്നും നീതിന്യായ വ്യവസ്ഥയെ സ്വാധീനിച്ചില്ലെന്ന്് തെളിയിക്കുന്നതാണ് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവെന്നും വി ഡി സതീശന്‍ പറഞ്ഞു.