പൊലീസ് നിയമ ഭേദ​ഗതി തിരുത്തൽ സർക്കാരിന്റെ പരി​ഗണനയിൽ; കോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രതിപക്ഷം

സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാൻ നടപ്പിലാക്കുന്ന പൊലീസ് നിയമ ഭേദഗതി വിവാദമായതോടെ തിരുത്തൽ വരുത്തുന്നത് സർക്കാരിന്റെ പരി​ഗണനയിൽ. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തിൽ നിയമം കൃത്യമാക്കുന്നതിനെപ്പറ്റി സർക്കാർ തലത്തിൽ ആലോചന തുടങ്ങി. അതേസമയം  നിയമ ഭേദഗതിക്കെതിരെ കോടതിയിലേക്ക് നീങ്ങാൻ പ്രതിപക്ഷവും ആലോചന തുടങ്ങി.

അതിനിടയിൽ ഭേദഗതിയിൽ ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരണം. പൊലീസ് നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്ര നേതൃത്വം  പ്രതികരിച്ചത്.  പൊലീസ് നിയമഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തെയോ നിഷ്പക്ഷ മാധ്യമ പ്രവർത്തനെത്തെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിന് അപ്പുറം നിയപരമായ തിരുത്തൽ തന്നെ വേണമെന്ന് നിലപാട് സിപിഎമ്മിൽ ശക്തമാണ്. ഏതു മാധ്യമമായാലും അപകീർത്തികരമായ രീതിയിൽ പ്രസിദ്ധീകരിച്ചാൽ കേസ് എന്ന നിലയിൽ തന്നെയാണ് സർക്കാർ നിയമ ഭേദഗതിയെ കണ്ടത്.

എന്നാൽ വിവാദമായതോടെ സാമൂഹിക മാധ്യമങ്ങൾക്കെതിരെ മാത്രമാണെന്ന് പറഞ്ഞൊഴിയാൻ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഭരണഘടനയുടെ അതിരുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന സാമ്പ്രദായിക മാധ്യമങ്ങളെയല്ല, പണത്തിന് വേണ്ടി എല്ലാ പരിധിയും വിടുന്ന വ്യക്തിഗത ചാനലുകളെ നിയന്ത്രിക്കുകയാണ് സർക്കാർ ഉദ്ദശിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

എന്നാൽ നിയമം നിയമമായി നിൽക്കുന്നിടത്തോളം കാലം പ്രസ്താവന കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സിപിഎമ്മിലെ വികാരം. നിയഭേദഗതിക്കെതിരെ പൊലീസിനുള്ളിലും കടുത്ത അമർഷമുണ്ട്. ചാനലുകളോ പത്രങ്ങളോ പ്രസിദ്ധീകരിക്കുന്ന വാർത്തക്കെതിരെ ഓരോരുത്തരും പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് വന്നാലുള്ള അപകടമാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. പരാതികൾ സ്റ്റേഷനുകളിൽ കുന്നുകൂടുമെന്നും ഏതിൽ കേസ് എടുക്കാമെന്ന ആശയക്കുഴപ്പുമുണ്ടാകുമെന്നുമാണ് പൊലീസ് ഉദ്യോഗ്സ്ഥർ നേരിടാൻ പോകുന്ന പ്രശ്നം.

Read more

ഇതെല്ലാം കണക്കിലെടുത്താണ് തിരുത്തൽ വരുത്താൻ സർക്കാർ തലത്തിൽ ആലോചന. പ്രതിപക്ഷമോ മാധ്യമ പ്രവർത്തകരുടെ യൂണിയനോ കോടതിയിലേക്ക് പോയാൽ തിരിച്ചടിയുണ്ടാകുമെന്നത് കൂടി പരി​ഗണിച്ചാണ് തിരുത്താനുള്ള ആലോചന.