മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകള്‍; രാഷ്ട്രീയ തിരിച്ചടി ആകുമോ എന്ന ആശങ്കയില്‍ സി.പി.എം

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുസ്‌ളിം തീവ്രവാദ സംഘടനകളാണെന്ന ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന രാഷ്ട്രീയ തിരിച്ചടി ആകുമോ എന്ന ആശങ്കയില്‍ സി.പി.ഐ.എം നേതൃത്വം. ഏതെങ്കിലും സംഘടനയുടെ പേര് വ്യക്തമാക്കാതെ മുസ്ലിം സമുദായത്തെ മൊത്തം സംശയത്തിലാക്കുന്ന പ്രസ്താവന വരാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ദോഷകരമാകുമോ എന്നാണ് നേതാക്കളുടെ പേടി.

ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കി നീങ്ങുന്ന പിണറായി സര്‍ക്കാരിന് അധികാരം നില നിര്‍ത്തണമെങ്കില്‍ മുസ്ലിം വോട്ടര്‍മാരുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. പാര്‍ട്ടിയോടൊപ്പം നിന്ന രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതിന് പിന്നാലെ ഉണ്ടായ വിവാദപ്രസ്താവന സമുദായത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മുസ്ലിം ലീഗിനെ പോലെ മിതവാദ നിലപാടുളള രാഷ്ട്രീയപാര്‍ട്ടികളും എസ്.ഡി.പി.ഐയെ പോലുളള തീവ്ര ആശയങ്ങളുളളവരും ഇത് ആയുധമാക്കാനും ഇടയുണ്ടെന്ന് നേതൃത്വം കരുതുന്നു.

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വരാതിരിക്കാന്‍ മുസ്ലിം വോട്ടര്‍മാര്‍ കൂട്ടത്തോടെ യു.ഡി.എഫിന് വോട്ട് ചെയ്തതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് കാരണമെന്നായിരുന്നു സി.പി.ഐ.എം വിലയിരുത്തല്‍. മുസ്‌ളിം സമുദായത്തിലെ ജമാഅത്തെ ഇസ്‌ളാമി ഉള്‍പ്പെടയുളള ചില സംഘടനകളുടെ ഇടപെടലാണ് വോട്ടുകള്‍ മൊത്തമായി സമാഹരിക്കാന്‍ സഹായകരമായതെന്നും സി.പി.എം ആരോപിച്ചിരുന്നു. പ്രാഥമികാവലോകനത്തിന് ശേഷം ഇക്കാര്യം തുറന്നുപറഞ്ഞ സംസ്ഥാന നേതൃത്വം പിന്നീട് വിശദമായ അവലോകനത്തിന് ശേഷം ഇതേപ്പറ്റി കാര്യമായ പ്രതികരണത്തിന് മുതിര്‍ന്നില്ല.

മോദി സര്‍ക്കാരിനെ മാറ്റണമെന്ന ആഗ്രഹത്തില്‍ ഒരുവിഭാഗം വോട്ടു ചെയ്തു എന്ന മട്ടിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുസ്‌ളിം വിഭാഗം ന്യൂനപക്ഷ സംരക്ഷണത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊളളുന്ന ഇടത് മുന്നണിയെ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ തന്ത്രപരമായ നിലപാട്. യു.ഡി.എഫില്‍ മുസ്‌ളിം ലീഗിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും, അവരുടെ ശക്തികേന്ദ്രങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും മുസ്‌ളിം വോട്ടര്‍മാരുടെ പിന്തുണ കിട്ടുമെന്നായിരുന്നു കരുതിപ്പോന്നത്. എന്നാല്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയോടെ ഈ പ്രതീക്ഷകളെല്ലാം തകിടം മറിയുമോ എന്നാണ് നേതാക്കളുടെ ആശങ്ക.

മാവോയിസ്റ്റ് ഭീഷണിയെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവന ജില്ലാ നേതാക്കളില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗമെങ്കില്‍ ഏത് സംഘടനയുടെ സഹായമാണ് ലഭിച്ചതെന്ന് വ്യക്തമാക്കേണ്ടിയിരുന്നു. ഇത് കാടടച്ച് വെടിവെയ്ക്കുന്നത് പോലെ ആയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പ്രസ്താവന ദോഷമാകുന്ന സ്ഥിതിയിലേക്ക് പോയാല്‍ പരിഹാര നടപടികള്‍ വേണമെന്ന് അഭിപ്രായമുളളവരും നേതൃത്വത്തിലുണ്ട്.

Read more

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ പോലെ കേരളത്തിലെ ഇടത് സര്‍ക്കാരും മുസ്ലിം സമുദായത്തോട് പ്രത്യേക സമീപനമാണ് എടുക്കുന്നതെന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ളാമിയെ പോലെയുളള സമുദായ സംഘടനകളുടെ പ്രചാരണം. യു.എ.പി.എ കേസുകള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. മാവോയിസ്റ്റ് കൂട്ടക്കൊലയിലും പന്തീരങ്കാവ് കേസിലും സര്‍ക്കാര്‍ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അലന്‍ ശൂഹൈബിനും താഹാ ഫസലിനും എതിരായ യു.എ.പി.എ കേസും മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയും സമാനമായ പ്രചാരണത്തിന് വഴിവെയ്ക്കുമോ എന്നാണ് നേതാക്കളുടെ ആശങ്ക