പാലക്കാട് സി.പി.എം ഗ്രൂപ്പിസം നിർണായകമാകും

പാലക്കാട് ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ഇത്തവണ ജില്ലയിലെ  സി.പി.എമ്മിൽ സമീപകാലത്തുണ്ടായ ഉൾപ്പോരും ഗ്രൂപ്പിസവും നിർണായകമാകും. സി.പി.എമ്മിനുളളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ദുർമേദസ് പോലെ പിടികൂടിയിരിക്കുന്ന ഗ്രൂപ്പിസത്തിന്റെ ഈറ്റില്ലം കൂടിയായ പാലക്കാട്, എം. ബി രാജേഷിന്റെ ഉറക്കം കെടുത്തുന്നത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങളാണ്. ഗ്രൂപ്പിസത്തെതിന്റെ ഇരയായി ഒതുക്കപ്പെട്ട മുൻ എം പി എൻ. എൻ കൃഷ്ണദാസിന്റെ മുതൽ ഷൊർണുർ എം.എൽ.എ, പി. കെ ശശി വരെയുള്ളവരുടെ നിലപാടുകൾ ഇവിടെ നിർണായകവുകയാണ്. പുറമെ കാര്യങ്ങൾ എല്ലാം ക്രമമായി നീങ്ങുന്നുവെന്ന പ്രതീതി ഉണ്ടെങ്കിലും  അകത്ത് അടിയൊഴുക്കുകൾ ശക്തമാണ്.
പി. കെ ശശിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം പാർട്ടിയെ വല്ലാതെ പ്രതിക്കൂട്ടിലാക്കിയിരുന്നു . സോളാർ വിവാദം ഉയർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുമ്പോഴെല്ലാം ശശി സംഭവവും പാർട്ടിയെ തിരിഞ്ഞു കൊത്തുന്നതായി മാറി.  ഇതിനെല്ലാം പിന്നിൽ എം. ബി രാജേഷിന്റെ ബുദ്ധിയാണെന്നതാണ് ഇവിടെ പാർട്ടിയെ രണ്ടു    തട്ടിലാക്കി നിർത്തിയിരിക്കുന്നത്. നിസ്സാരമായി കൈകാര്യം ചെയ്യാവുന്ന ഒരു വിഷയം സീതാറാം യെച്ചൂരിക്ക് വരെ പരാതി നൽകി ശശിയെ പൊതുസമൂഹത്തിൽ നാണം കെടുത്തിയെന്ന ആക്ഷേപം ആ പക്ഷത്തുള്ളവർക്കുണ്ട്. പരാതി കേന്ദ്രതലത്തിൽ വരെ എത്തിക്കണമെങ്കിൽ കള്ളൻ കപ്പലിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ശശിപക്ഷം ഉറച്ചു വിശ്വസിക്കുന്നു.
ആരോപണം ഉയർന്നെങ്കിലും പാലക്കാട് പാർട്ടിക്കുള്ളിൽ താൻ തന്നെ കരുത്തൻ എന്ന് ബോധ്യപ്പെടുത്താൻ ശശിക്ക് കഴിഞ്ഞു. കാരണം ശശിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ നിയുക്തമായ പാർട്ടി കമ്മിറ്റിക്ക് ശിക്ഷ വെറും ശാസനയിൽ ഒതുക്കേണ്ടി വന്നു. ശശിയെ പുറത്താക്കിയേക്കുമെന്ന് വരെ പ്രചാരണം ഉണ്ടായെങ്കിലും കൂടുതൽ കരുത്തോടെ അദ്ദേഹം തിരിച്ചു വരുന്ന കാഴ്ചയാണ് കണ്ടത്. ഇതിൽ രാജേഷ് പക്ഷത്തിനുള്ള അങ്കലാപ്പ് ചെറുതല്ല. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിഞ്ഞു കൊത്തുമോ എന്ന കടുത്ത ആശങ്ക പാലക്കാട് ഇടതുക്യാമ്പിൽ ഉണ്ട്.
2009 ൽ 1860  വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാജേഷ് 2014 ൽ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സാക്ഷാൽ എം. പി വീരേന്ദ്രകുമാറിനെ അടിയറവ് പറയിച്ചത്. അതുകൊണ്ട് മൂന്നാം വിജയം ഉണ്ടാകുന്നത് ജില്ലയിൽ എം. ബി രാജേഷിനെ കൂടുതൽ കരുത്തനാക്കുമെന്ന് ശശിപക്ഷം കണക്കു കൂട്ടുന്നു. ഇത്തരത്തിൽ ഗ്രൂപ്പ് വൈരം പ്രകടമായി നിൽക്കുന്നതാണ് ഇത്തവണ പാലക്കാടിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന അടിയൊഴുക്ക്.
രണ്ടു വട്ടം എം. പി ആയിരുന്ന വി. എസ് പക്ഷത്തെ കരുത്തനായ എൻ. എൻ കൃഷ്ണദാസ് പാർട്ടിയിൽ   തുടർച്ചയായി തഴയപ്പെടുന്നതിൽ അസ്വസ്ഥനാണ്. പാർട്ടിക്കുള്ളിൽ ഇപ്പോൾ നിഷ്പ്രഭനായിരിക്കുന്നതു കൊണ്ട് തത്കാലം നിശ്ശബ്ദത പാലിക്കുന്നു എന്ന് മാത്രം. കൃഷ്ണദാസും രാജേഷിന് അപ്രമാദിത്വം കൈവരുന്നതിൽ തൃപ്തനല്ല. രാജേഷ് ചുവടുറപ്പിക്കുന്നത്
തങ്ങൾക്ക് ഗുണകരമാകില്ലെന്ന് ശശിയും കൃഷ്ണദാസും കരുതുന്നു. അതുകൊണ്ട് ഇവർ തമ്മിൽ ഒരു രഹസ്യ അച്ചുതണ്ട് രൂപപ്പെടുന്നതായി ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട് . പൊതുശത്രുവിനെ ഒതുക്കുക എന്ന താത്കാലിക അജണ്ട മാത്രമാണ് ഇതെങ്കിലും അത് ഇടതുകേന്ദ്രങ്ങളിൽ ചെറുതല്ലാത്ത വിള്ളൽ വീഴ്ത്തിയിട്ടുമുണ്ട്.