തിരഞ്ഞെടുപ്പുകാലത്ത് ഫെയ്‌സ്ബുക്കിലെ പ്രകടനത്തില്‍ മുന്നില്‍ സി.പി.എം; കിറ്റ് വിഷയത്തിൽ ചെന്നിത്തലയ്ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി വൻ ഹിറ്റ്

നിയമസഭ തിരഞ്ഞെടുപ്പുകാലത്ത് ഫെയ്സ്‌ബുക്കിലെ ഓവറോൾ പ്രകടനത്തിൽ  മുന്നിൽ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജായ ‘സി.പി.ഐ.എം കേരള’യാണ് കോൺഗ്രസിന്റെ ഔദ്യോഗിക പേജിനെക്കാൾ ഇടപെടൽ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്ചയായ മാർച്ച് 30 മുതൽ ഏപ്രിൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ മാത്രമാണ് കോൺഗ്രസിന്റെ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരള’ എന്ന പേജിന് മുൻതൂക്കമുണ്ടായിരുന്നത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയുടെ ‘ബി.ജെ.പി. കേരളം’ എന്ന പേജിനെക്കാൾ മുമ്പിലാണ് ഈ പേജ്. സി.പി.എം 13,24,032, കോൺഗ്രസ് 9,08,405, ബി.ജെ.പി. 2,85,878 എന്നിങ്ങനെയാണ് കണക്കുകൾ പറയുന്നത്.

തിരഞ്ഞെടുപ്പിന്റെ അവസാനയാഴ്ച 4,90,757 റിയാക്‌ഷനുകളാണ് കോൺഗ്രസ് പേജിലെ പോസ്റ്റുകൾക്ക് ലഭിച്ചത്. 4,80,123 ലൈക്കുകളും 11,647 കമന്റുകളും 1,43,305 ഷെയറുകളും കോൺഗ്രസ് പേജിന് ലഭിച്ചു. സി.പി.എമ്മിന് ഈ ദിവസങ്ങളിൽ 4,59,469 റിയാക്‌ഷനുകളാണ് ലഭിച്ചത്. 4,36,616 ലൈക്കുകൾ, 16,283 കമന്റുകൾ, 1,68,116 ഷെയറുകൾ എന്നിങ്ങനൈ. ബി.ജെ.പിക്ക് 1,33,054 റിയാക്‌ഷൻ, 1,21,009 ലൈക്ക്, 12,066 കമന്റ് 44,783 ഷെയർ എന്നിങ്ങനെയാണ് കിട്ടിയത്.

മാർച്ച് 16 മുതൽ ഏപ്രിൽ 12 വരെയുള്ള കണക്കിൽ സി.പി.എമ്മിന്റെ വിജയകരമായ കണ്ടന്റുകൾ വീഡിയോകളാണ്. അവയിൽ മുമ്പിൽ ഇവയാണ്.

1. കിറ്റ് വിതരണ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിൽ മറുപടി പറയുന്ന വീഡിയോ.

മാർച്ച് 24 40,236 റിയാക്‌ഷൻസ്

2. പട്ടിണി കിടക്കേണ്ടതില്ലെന്ന സി.പി.എമ്മിന്റെ പരസ്യം.

മാർച്ച് 24 35,519 റിയാക്‌ഷൻസ്

3. മാർച്ച് 30-ന് യു.ഡി.ഫ്. പ്രചാരണത്തിനെത്തിയ പ്രിയങ്കാ ഗാന്ധി വിമാനത്താവളത്തിൽനിന്ന് പുറത്തേക്കിറങ്ങുന്ന വീഡിയോയാണ് കോൺഗ്രസ് പേജിലെ മികച്ച വീഡിയോ.

മാർച്ച് 30 34,970 റിയാക്‌ഷൻസ്

4. ‘വയോജനങ്ങളെ ചേർത്തു പിടിക്കാൻ യു.ഡി.എഫ്.’ എന്ന ക്യാപ്ഷനിൽ അമ്മമാരോടൊപ്പം രാഹുൽഗാന്ധി നിൽക്കുന്ന ചിത്രമടങ്ങുന്ന പോസ്റ്ററാണ് കോൺഗ്രസ് പേജിലെ മികച്ച രണ്ടാമത്തെ കണ്ടന്റ്.

മാർച്ച് 25 31,528 റിയാക്‌ഷൻസ്

5. വനിതാ സ്ഥാനാർത്ഥികളുടെ ചിത്രം സഹിതം ‘കരുത്തുറ്റ വനിതകൾ ഇനി കേരളം നയിക്കുമെന്ന’ കോൺഗ്രസിന്റെ പോസ്റ്റർ

മാർച്ച് 18 27,897 റിയാക്‌ഷൻസ്

6. പൗരത്വ ഭേദഗതി വിഷത്തിൽ അമിത് ഷായുടെയും കെ.എൻ.എ. ഖാദറിന്റെയും പ്രസ്താവനകൾക്ക് പിണറായി മറുപടി നൽകുന്ന വീഡിയോ

മാർച്ച് 29 27,315 റിയാക്‌ഷൻസ്

7. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മൂന്ന് ലൈവ് വീഡിയോകളാണ് ബി.ജെ.പി.യുടെ മികച്ച കണ്ടന്റ്. ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് സംസാരിച്ച പൊതുയോഗത്തിന്റെ ലൈവ് വീഡിയോയാണ് ആദ്യത്തേത്. 8190 റിയാക്‌ഷൻസ് ഈ വീഡിയോ നേടി. ഏപ്രിൽ മൂന്നിന് സുൽത്താൻബത്തേരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സംസാരിച്ച പൊതുസമ്മേളന ലൈവ് വീഡിയോയ്ക്ക് 8613 റിയാക്‌ഷനും ഏപ്രിൽ ഒന്നിന് യോഗി ആദിത്യനാഥ് ഹരിപ്പാട് സംസാരിച്ച വീഡിയോയ്ക്ക് 6832 റിയാക്‌ഷനും ലഭിച്ചു.