കോൺ​ഗ്രസ് വിടാൻ ഒരുങ്ങി കെ. വി തോമസ്; സ്വാ​ഗതം, സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തെറ്റില്ലെന്ന് സി.പി.എം

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.വി തോമസ് യു.ഡി.എഫ്. പാളയം വിടുമോ എന്ന ചർച്ചകൾക്കിടെ ഇടത് മുന്നണിയിലേക്ക് സ്വാ​ഗതം ചെയ്ത് സി.പി.ഐ.എം.

കെവി തോമസിനെ പോലെ ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു.

കോൺഗ്രസ് വിട്ട് വന്നാൽ നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സിഎൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ അതൃപ്തിയിലായിരുന്ന കെവി തോമസ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും സീറ്റ് ചർച്ച സജീവമാക്കിയത്.

കെപിസിസിയും ഹൈക്കമാന്‍ഡും കാര്യമായ പിന്തുണ നൽകാത്തതും എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പുമാണ് സ്ഥാനാർത്ഥിത്വത്തിന് തടസ്സമാകുന്നത്.

ജനുവരി 23ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ഇക്കാര്യങ്ങള്‍ തുറന്നുപറയാനാണ് മുന്‍ എംപി കൂടിയായി ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.