കേരളത്തിന്‌ ലഭിക്കുന്ന പ്രശംസ കേന്ദ്രമന്ത്രിക്കും ബി.ജെ.പിക്കും യു.ഡി.എഫിനും ദഹിക്കുന്നില്ല: സി.പി.എം

കേരളം വിലകൂടിയ വാക്‌സിനുകള്‍ പുറത്ത് നിന്നും വാങ്ങണമെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ (എം). ഉപകാരമൊന്നും ചെയ്‌തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണം. സംസ്ഥാനം കൈക്കൊള്ളുന്ന കോവിഡ്‌ പ്രതിരോധ നടപടികളിലും വികസന പ്രവർത്തനങ്ങളിലും കുറ്റംമാത്രം ആരോപിക്കുന്നത്‌ കേരളത്തോടുള്ള വെല്ലുവിളിയാണ്‌. സംസ്ഥാനത്തെ കടുത്ത വാക്‌സിൻ ക്ഷാമത്തിൽപ്പോലും തന്റെ ഉത്തരവാദിത്തവും കടമയും നിർവഹിക്കാതെ ദുരാരോപണ മന്ത്രിയായി വി മുരളീധരൻ മാറിയതും കേരളം കണ്ടു എന്ന് സിപിഐഎം നേതാവ് കെ. ജെ തോമസ് പറഞ്ഞു. വി മുരളീധരൻ പറയുന്ന കാര്യങ്ങൾ പ്രതിപക്ഷനേതാവും പ്രതിപക്ഷം ഉന്നയിക്കുന്നവ ബിജെപിയും ഏറ്റുപിടിക്കുന്ന രാഷ്‌ട്രീയമാണ്‌ സംസ്ഥാനമിന്ന്‌ കാണുന്നത്‌. ഇന്നത്തെ കോൺഗ്രസ്‌ നാളെത്തെ ബിജെപിയാണെന്ന യാഥാർഥ്യം സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്‌ എന്നും കെ.ജെ തോമസ് പറഞ്ഞു.

കെ.ജെ തോമസിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:

സ്വന്തം നാടിനോട്‌ കൂറും സ്‌നേഹവും അതിലുപരി അഭിമാനബോധവും ഉയർത്തിപ്പിടിക്കുന്ന പൗരന്മാരെ ദേശാഭിമാനികൾ എന്നാണ്‌ അഭിസംബോധന ചെയ്യുന്നത്‌. സമൂഹത്തിലെ പദവി, വഹിക്കുന്ന സ്ഥാനം എന്നിവയനുസരിച്ച്‌ സാധാരണക്കാർവരെ പുലർത്തേണ്ടതും ഉള്ളിൽ ഉദിച്ചുയരേണ്ടതുമായ നാടിന്റെ ബോധ്യവും ബോധവുമാണത്‌. കേരളമെന്നോ കേരള മോഡൽ എന്നോ കേട്ടാൽ കുറേക്കാലമായി കലിബാധ ഏറ്റതുപോലെയുള്ള വാക്കുകളും പ്രസ്‌താവനകളും തൊടുത്തുവിടുന്ന കേന്ദ്രസഹമന്ത്രി ആ സ്ഥാനത്തു വന്നതുമുതൽ ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളുമായി പോകുന്നതിനുപിന്നിൽ അദ്ദേഹത്തിന്‌ ചില നിക്ഷിപ്‌ത താൽപ്പര്യങ്ങളും സങ്കുചിത ചിന്തകളും അല്ലേ എന്ന്‌ സ്വതന്ത്ര രാഷ്‌ട്രീയ നിരീക്ഷകർ നിഗമനത്തിലെത്തിയാൽ അവരെ കുറ്റപ്പെടുത്താനാകില്ല.

കോവിഡാരംഭഘട്ടം പ്രവാസികളെ നാട്ടിലെത്തിക്കൽ, നയതന്ത്ര ബാഗിലെ സ്വർണം, കേരളത്തിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ, സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ, സർക്കാരിനെതിരായ കേന്ദ്രഅന്വേഷണ ഏജൻസികൾക്കുള്ള പിന്തുണ എന്നിവയിലടക്കം സംസ്ഥാനത്തെ ഇകഴ്‌ത്തിയും അപഹസിച്ചുമുള്ള നിലപാട്‌ ജനം വിലയിരുത്തുന്നുണ്ട്‌. സംസ്ഥാനത്തെ കടുത്ത വാക്‌സിൻ ക്ഷാമത്തിൽപ്പോലും തന്റെ ഉത്തരവാദിത്തവും കടമയും നിർവഹിക്കാതെ ദുരാരോപണ മന്ത്രിയായി വി മുരളീധരൻ മാറിയതും നാം കണ്ടു. അതിനിർണായക ഘട്ടത്തിൽപ്പോലും സംസ്ഥാനത്തിന്‌ അർഹതപ്പെട്ട സഹായങ്ങൾ വാങ്ങിയെടുക്കാനും സമ്മർദം ചെലുത്താനും തെല്ല്‌ ശ്രമം നടത്താതെ, മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചുനടക്കുന്നത്‌ മലയാള നാടിനെ അപഹസിക്കലാണ്‌. രാജ്യത്ത്‌ ദിവസേന കോവിഡ്‌ രോഗികളുടെ എണ്ണം മൂന്ന്‌ ലക്ഷത്തോടടുക്കുന്നു.ആനുപാതികമായി കേരളത്തിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്‌. കേന്ദ്ര അവഗണന ഉള്ളപ്പോഴും സാധ്യമായ എല്ലാ പ്രതിരോധ പ്രവർത്തനവും കേരളം നടത്തുന്നത്‌ ജനങ്ങൾക്ക്‌ ബോധ്യമുണ്ട്‌.

ആവശ്യത്തിന്‌ കിടക്കകളില്ലാത്തതിനാൽ മധ്യപ്രദേശ്‌ ഇൻഡോർ ആശുപത്രിയിൽ രോഗികളുടെ ബന്ധുക്കളുടെ ആക്രമണം, ഫ്രീസറുകൾ നിറഞ്ഞതിനെ തുടർന്ന്‌ ഛത്തീസ്ഗഢിലെ ആശുപത്രി വരാന്തയിൽ മൃതദേഹങ്ങൾ നിറയുന്ന അതിദാരുണമായ അവസ്ഥ, പ്രാണവായു കിട്ടാത്തതിനാൽ അഹമ്മദാബാദ്‌ സിവിൽ ആശുപത്രിയിൽ ബഹളവും സംഘർഷവും, ദില്ലി ഉൾപ്പെടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലാളികളുടെ ക്ലേശകരമായ കൂട്ട പലായനം-കഴിഞ്ഞ ദിവസങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട്‌ രാജ്യം കണ്ട യാഥാർഥ്യങ്ങളാണിവ. ഒരുവർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ആ സംസ്ഥാനങ്ങളിലെ സർക്കാരുകൾ പരാജയപ്പെട്ടുവെന്നതിന്റെ ദൃഷ്‌ടാന്തമാണിത്‌. പിഎം കെയറിലൂടെ കോടികൾ എത്തിയിട്ടും വാക്‌സിൻ, മരുന്നുകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളെ സഹായിക്കുന്നതിൽ കേന്ദ്രസർക്കാർ തയ്യാറായതുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപി, ഗുജറാത്ത്‌, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളിലെ പ്രതിരോധം താറുമാറായി. ഇത്തരമൊരു സംഭവവും കേരളത്തിൽ ഉണ്ടായിട്ടില്ല.

കേന്ദ്രം ആവശ്യത്തിന്‌ വാക്‌സിൻ നൽകാത്തതിനെ തുടർന്ന്‌ ചിലയിടങ്ങളിൽ തിരക്ക്‌ അനുഭവപ്പെട്ടതൊഴിച്ചാൽ സ്ഥിതി ശാന്തം. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ചില പ്രയാസങ്ങളുണ്ടാകുക സ്വാഭാവികം. കോവിഡ്‌ ഫലപ്രദവും ശാസ്‌ത്രീയവുമായി നേരിടുന്നതിൽ സംസ്ഥാനം മികച്ച മാതൃകയാണെന്ന്‌ എല്ലാവരും അംഗീകരിച്ചതാണ്‌. രാജ്യ-രാജ്യാന്തര തലങ്ങൾ ഉൾപ്പെടെ ലോകാരോഗ്യ സംഘടനകളുടെയും അന്താരാഷ്‌ട്ര മാധ്യമങ്ങളുടെയും പ്രശംസ കേരളത്തിന്‌ ലഭിച്ചു. ഇതൊന്നും കേന്ദ്ര സഹമന്ത്രിക്കും ബിജെപിക്കും യുഡിഎഫിനും ദഹിക്കുന്നില്ല. രാജ്യത്താകെ വന്ന രണ്ടാംതരംഗം പല സംസ്ഥാനത്തും മരണനിരക്ക്‌ കൂട്ടുന്നുണ്ട്‌. രോഗവ്യാപനം ഉണ്ടെങ്കിലും ഏറ്റവും കുറവ്‌ മരണനിരക്കുള്ള സംസ്ഥാനമാണ്‌ കേരളം, 0.39 മാത്രം. ദേശീയ ശരാശരിയുടെ എത്രയോ താഴെയാണിത്‌. സർക്കാരിന്റെ കാര്യക്ഷമവും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങളെ തുടർന്നാണിത്‌. ഏറ്റവുമൊടുവിൽ പരിശോധന വീടുകളിലേക്കും എത്തുകയാണ്‌. കൂടുതൽ കേസുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ്‌ ലക്ഷ്യം. അതേസമയം, രണ്ടാം തരംഗത്തിലും കുംഭമേളയ്‌ക്കായി‌ ലക്ഷക്കണക്കിന്‌ ആളുകൾ ഒത്തുചേരാൻ അനുവദിച്ചതിലും ബംഗാളിലെ വൻറാലികളിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്തതിലും കേന്ദ്രം തെറ്റ്‌ കണ്ടില്ല.

മഹാരാഷ്‌ട്രയിൽനിന്നാണ്‌ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും വി മുരളീധരൻ കേരളത്തിന്റെകൂടി മന്ത്രിയാണ്‌. കേരളത്തിനർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുകയെന്ന ഉത്തരവാദിത്തവും കടമയും അദ്ദേഹത്തിനുണ്ട്‌. എന്നാൽ, ഏറ്റവുമൊടുവിൽ അദ്ദേഹം ഉപദേശിച്ചത്‌ കേരളം വിലകൂടിയ വാക്‌സിൽ പുറത്തുനിന്ന്‌ വാങ്ങണമെന്നാണ്‌. അതൊക്കെ പോകട്ടെ, ഉപകാരമൊന്നും ചെയ്‌തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണം. സംസ്ഥാനം കൈക്കൊള്ളുന്ന കോവിഡ്‌ പ്രതിരോധ നടപടികളിലും വികസന പ്രവർത്തനങ്ങളിലും കുറ്റംമാത്രം ആരോപിക്കുന്നത്‌ കേരളത്തോടുള്ള വെല്ലുവിളിയാണ്‌. നാടിന്റെ സംസ്കാരത്തിനും പദവിക്കും ചേരാത്ത വാക്കുകൾ പ്രയോഗിച്ച്‌ ആക്ഷേപിക്കുന്നത്‌ കേരള ജനതയോടുള്ള അവഹേളനംകൂടിയാണ്‌. ഇവയെല്ലാം നിരന്തരം ഉന്നയിക്കുമ്പോഴാകട്ടെ കേരളജനതയോടുള്ള പുച്ഛമനോഭാവവും മറനീക്കി പുറത്തുവരുന്നു. അന്തസ്സിന്റെയും മാന്യതയുടെയും സീമകൾ അതിലംഘിച്ച്‌ നടത്തുന്ന ഇത്തരം ജൽപ്പനങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകാനും ആവർത്തിക്കാനും ചില വലതുപക്ഷ മാധ്യമങ്ങൾ കാണിക്കുന്ന അത്യുൽസാഹവും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌.

വി മുരളീധരൻ പറയുന്ന കാര്യങ്ങൾ പ്രതിപക്ഷനേതാവും പ്രതിപക്ഷം ഉന്നയിക്കുന്നവ ബിജെപിയും ഏറ്റുപിടിക്കുന്ന രാഷ്‌ട്രീയമാണ്‌ സംസ്ഥാനമിന്ന്‌ കാണുന്നത്‌. ഇന്നത്തെ കോൺഗ്രസ്‌ നാളെത്തെ ബിജെപിയാണെന്ന യാഥാർഥ്യം സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്‌. എന്തുചെയ്യാം; ഇങ്ങനെയും ഒരു കേന്ദ്രമന്ത്രി. പ്രിയപ്പെട്ട മുരളീധരൻജി, അങ്ങയോട്‌ മൃദുവായ ഒരു ചോദ്യം. കോവിഡിനെ തുരത്താൻ പാത്രംകൊട്ടി ശബ്‌ദമുണ്ടാക്കാൻ ആഹ്വാനം ചെയ്‌തവരെ എന്തുപേരാണ്‌ വിളിക്കേണ്ടത്‌?