എല്‍.ഡി.എഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് സി.പി.എം ബ്രാന്‍ഡ് ചെയ്യുന്നു; സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ സിപിഎമ്മിന് രൂക്ഷവിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുകയാണ്. മുന്‍ ഇടത് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണിത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും സമ്മേളനത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിര്‍ത്തണം. തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ നേതൃത്വം ഇടപെടണം. സിപിഎം വിട്ടുവരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന നല്‍കണം. മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും സമ്മേളനത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ ദുര്‍ബലമായ നിലപാടുകള്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗത്വം കൂടാത്തതില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് വീഴ്ചയുണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകള്‍ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികള്‍ തയ്യാറാകണമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. സമ്മേളനം വൈകുന്നേരം സമാപിക്കും.

സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പ്രതിനിധികള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എംഎം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ല. പൊലീസില്‍ ആര്‍എസ്എസ് കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്‍ശങ്ങളുയര്‍ന്നു.