സ്ഥാനാര്‍ത്ഥിക്കായി സി.പി.എം കര, നാവിക, വ്യോമ സേന സഹായത്തോടെ തിരച്ചില്‍ തുടരുന്നു, പരിഹസിച്ച് പത്മജ വേണുഗോപാല്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. സിപിഎം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിക്കായി കര, നാവിക, വ്യോമ സേന സഹായത്തോടെ തിരച്ചില്‍ തുടരുന്നതായി അറിയുന്നുവെന്നാണ് പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിയാല്‍ ‘തമ്മിലടി’, സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിയാല്‍ ‘സസ്‌പെന്‍സ്’. കൊള്ളാം കൊള്ളാം ന്യായികരണം കൊള്ളാമെന്നും മറ്റൊരു പോസ്റ്റില്‍ പത്മജ പ്രതികരിച്ചു.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നതിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് കെഎസ് അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാവും എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവും തള്ളിയിരുന്നു. സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് അറിയിച്ചത്.

അരുണ്‍കുമാറിന് വേണ്ടിയുള്ള ചുവരെഴുത്ത് സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള ആശയക്കുഴപ്പം മൂലം ചിലയിടങ്ങളില്‍ നിര്‍ത്തി വച്ചിരുന്നു.

തൃക്കാക്കരയില്‍ സിപിഎമ്മിന് അപ്രതീക്ഷിത സ്ഥാനാര്‍ഥിയാണുണ്ടാകാന്‍ പോകുന്നതെന്ന വാര്‍ത്തകളും കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായെന്നും അതുകൊണ്ടാണ് അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നുമാണ് അഭ്യൂഹം. എറണാകുളത്ത് നിന്ന് തന്നെയുള്ള ഒരു വനിതാ നേതാവാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും അഭ്യൂഹമുണ്ട്.

Read more