പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സുഖിമാന്മാരായി മാറുന്നു; സി.പി.എം സംസ്ഥാന സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. വിമര്‍ശനങ്ങളെ മാനിക്കുന്നതിന് പകരം ഉന്നയിക്കുന്നവരെ ഒതുക്കുന്നതാണ് നേതൃത്വത്തിന്റെ സമീപനമെന്നതാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ പറ്റി പറയുന്ന നേതൃത്വം അത് കണക്കിലെടുക്കുന്നില്ല എന്നതിന്റെ തെളിവാണ് വിമര്‍ശകരോടുളള വൈരനിര്യാതന നിലപാടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

പാര്‍ട്ടി അംഗങ്ങള്‍ നടത്തുന്ന നിര്‍ബന്ധിത പിരിവിനെതിരെയും രൂക്ഷമായ വിമര്‍ശനം നടന്നു. ക്വാട്ട നിശ്ചയിച്ച് പിരിവിനിറങ്ങുമ്പോള്‍ അത് നല്‍കാന്‍ വിസമ്മതിക്കുന്നവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പണം വാങ്ങുന്ന പ്രവണതയുണ്ട്. താഴെത്തട്ടില്‍ നടക്കുന്ന ഈ നടപടി ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കുന്നുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

നിരന്തരം പാര്‍ട്ടി കമ്മിറ്റികള്‍ ചേരുന്നതും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശിക്കപ്പെട്ടു. കമ്മിറ്റികളില്‍ ഇരിക്കുന്നതിന് പകരം നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളിലേക്ക് ഇറങ്ങണം.അതാണ് പുതിയ സാഹചര്യം ആവശ്യപ്പെടുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന രേഖയെ അടിസ്ഥാനമാക്കിയുളള ചര്‍ച്ചയിലാണ് ഈ വിമര്‍ശനങ്ങള്‍. കോടിയേരി ബാലകൃഷ്ണനാണ് രേഖ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സുഖിമാന്മാരായി മാറുന്നു എന്നതാണ് രേഖയിലെ ശ്രദ്ധേയ പരാമര്‍ശം. ഇത്തരക്കാര്‍ സംഘടനാകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല. ഇടതുരാഷ്ട്രീയം നേരിടുന്ന വെല്ലുവിളികള്‍
മനസ്സിലാക്കി വേണം നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുമായി ബന്ധപ്പെടേണ്ടതെന്നും രേഖ നിര്‍ദേശിക്കുന്നു. സംഘടനാ രേഖയെ പറ്റിയുളള ചര്‍ച്ച നാളെ ഉച്ചയോടെ സമാപിക്കും. അതിന് ശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി കൊണ്ടുളള രേഖ ചര്‍ച്ചയ്‌ക്കെടുക്കും.