ഒറ്റ പാർട്ടിയായി മുന്നണിയിൽ മതി; ഐ.എൻ.എല്ലിന് അന്ത്യശാസനവുമായി സി.പി.എം

ഇടത് മുന്നണിയിൽ മന്ത്രി സ്ഥാന ലഭിച്ചതിന് പിന്നാലെ ചേരിതിരഞ്ഞ ഐ.എൻ.എല്ലിന് അന്ത്യശാസനവുമായി സി.പി.ഐ.എം. ഒറ്റ പാർട്ടിയായി മാത്രം മുന്നണയിൽ മതിയെന്ന് സി.പി.ഐ.എം നിർദ്േശിച്ചു.

എ.കെ.ജി സെന്ററിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൾ വഹാബിനോട് പാർട്ടി ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വച്ചത്.

ജൂലൈ 25 ഞായറാഴ്ച രാവിലെ കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിനിടെ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ തല്ലിന് പിന്നാലെയാണ് ഐ.എൻ.എൽ പിളർന്നത്. ജനറൽ സെക്രട്ടറിയായ കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും അബ്ദുൾ വഹാബ് വിഭാഗം അറിയിക്കുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് വിഭാഗവും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും അടങ്ങുന്ന വിഭാഗവും തമ്മിലാണ് തർക്കമുണ്ടായത്.

ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും എതിർ ചേരിയിലുള്ളവരും തമ്മിൽ പാർട്ടിയിൽ പ്രതിഷേധം രൂക്ഷമായിരുന്നു. പിന്നാലെയാണ് ഭിന്നതകൾ പിളർപ്പിലേക്കെത്തിയത്. ഇതോടെ ഇടത് മുന്നണിയിൽ നിന്ന് ലഭിച്ച മന്ത്രിസ്ഥാനം പോലും നഷ്ടപ്പെടുമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.