സുന്നി ഐക്യം: നേട്ടം കൊയ്ത് സിപിഐഎം; വഖ്ഫ് തര്‍ക്കം പരിഹരിക്കുമെന്ന് ഇരു വിഭാഗവും; ലീഗ് ത്രിശങ്കുവില്‍

Gambinos Ad
ript>

 

Gambinos Ad

സനം ശരീഫ്

സുന്നി ഐക്യ ശ്രമത്തില്‍ സിപിഐഎമ്മിന്റെ ആദ്യ ഇടപെടല്‍ ഫലം കണ്ടു. മന്ത്രി കെ.ടി ജലീലിന്റെ മധ്യസ്ഥയില്‍ രണ്ടു സുന്നി വിഭാഗങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ വഖ്ഫ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനമായത് ഇടതുപക്ഷത്തിനു നേട്ടമായി. നിലവില്‍ ലീഗുമായി പല വിഷയങ്ങളിലും ഉടക്കി നില്‍ക്കുന്ന സമസ്തയേയും കാന്തപുരം വിഭാഗത്തേയും ഒന്നിപ്പിച്ചാല്‍ കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാവുമെന്ന തിരിച്ചറിവാണ് ജലീലിനെ മുന്‍ നിര്‍ത്തി ഐക്യ ശ്രമം നടത്താന്‍ സിപിഐഎമ്മിനെ പ്രേരിപ്പിച്ചത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രധാനമായ പ്രശ്നം വഖ്ഫ് സ്ഥാപനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടതാണ്. ഇതു പരിഹരിച്ചാല്‍ ഐക്യ ശ്രമത്തിലെ പ്രധാന കടമ്പ പിന്നിടാനാവും. വഖ്ഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലിയില്‍ കെ.ടി ജലിലിനെ മുന്നില്‍ നിര്‍ത്തി പ്രശന പരിഹാരം തേടാനാണ് ആദ്യ ശ്രമം.
സുന്നി ഐക്യം ലീഗ്വിരുദ്ധ മുന്നണിയാവുമോ എന്ന ഭയം കാരണം നേരത്തെ മധ്യസ്ഥനായ ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങള്‍ പിന്മാറിയിരുന്നു. എന്നാല്‍ വഖ്ഫ് പ്രശ്ന പരിഹാരത്തിനു രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞത് ജലിലിന്റെ നയതന്ത്ര വിജയവുമായി. ഇന്നു നടന്ന യോഗത്തില്‍ പങ്കെടുക്കരുതെന്ന് ലീഗ് നേതാക്കള്‍ സമസ്ത പ്രസിഡന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിലക്കു ലംഘിച്ചാണ് രണ്ടു മുശാവറാ മെമ്പര്‍മാരുള്‍പടെയുള്ള സംഘം ഇന്നു ചര്‍ച്ചക്കു പോയത്.
ഐക്യ ശ്രമത്തിനു പിന്തുണ പ്രഖ്യാപിച്ചു ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ഐ.എന്‍.എലും കഴിഞ്ഞ ദിവസം സമസ്ത പ്രസിഡന്റിനെ സന്ദര്‍ശിച്ചിരുന്നു. സമുദായ ഐക്യം എന്ന നിലയില്‍ പരസ്യമായി തള്ളിപറയാനാവാത്ത അവസ്ഥയിലാണ് ലീഗ്.

കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസറ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുലത്തീഫും ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമാണ് ഐക്യ ചര്‍ച്ചക്കു ആദ്യം മധ്യസ്ഥം നിന്നിരുന്നത്. എന്നാല്‍ ലീഗ് തീരുമാന പ്രകാരം ഐക്യ ശ്രമം പൊളിക്കുന്നതിന്റെ ഭാഗമായി സാദിഖലി തങ്ങള്‍ ഐക്യം നടക്കില്ലെന്ന് മധ്യസ്ഥനായ ഡോ.അബ്ദുലത്തീഫിനെ അറിയിക്കുകയായിരുന്നു. സാദിഖലി തങ്ങള്‍ പിന്മാറിയെങ്കിലും മറ്റു മധ്യസ്ഥരെ വച്ചു ശ്രമം തുടരാനാണ് രണ്ടു വിഭാഗത്തിന്റേയും ധാരണ. ഇതുമായി ബന്ധപ്പെട്ട യോഗം അടുത്തു തന്നെ ചേരാനിരിക്കുകയാണ്. അതിനിടയിലാണ് ജലിലിന്റെ നേതൃത്വത്തില്‍ രണ്ടു വിഭാഗവും ഒരുമിച്ചിരുന്നത്.

സമസ്തടേയും കാന്തപുരം വിഭാഗത്തിന്റേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ വഖ്ഫ് തര്‍ക്ക പരിഹാരത്തിനു വഖ്ഫ് അദാലത്ത് നടത്താനാണ് തീരുമാനമായത്. ഏപ്രില്‍ മാസം ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന അദാലത്തില്‍ വഖ്ഫ് മന്ത്രി, ബോര്‍ഡ് ചെയര്‍മാന്‍, വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാര്‍, നിയമ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. ഈ അദാലത്തില്‍ വച്ച് നിലവില്‍ വഖ്ഫ് ബോഡില്‍ വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാനാണ് തീരുമാനം.
ആദാലത്തിനു മാനദണ്ഡം നിശ്ചയിക്കാന്‍ ഇരു വിഭാഗത്തില്‍ നിന്നും പ്രതിനിധികളെ ഉള്‍പെടുത്തി ഒരു സബ് കമ്മിറ്റിയേയും നിയോഗിച്ചു. ഉമര്‍ ഫൈസി മുക്കം, പി.എ ജബ്ബാര്‍ ഹാജി, പ്രൊഫ. കെ.എം.എ റഹീം, യഅ്കൂബ് ഫൈസി എന്നിവരാണ് സബ് കമ്മിറ്റി മെമ്പര്‍മാര്‍.
ഇവര്‍ അദാലത്തിനു സ്വീകരിക്കേണ്ട പൊതു മാനദണ്ഡം രൂപീകരിക്കുകയും വഖ്ബ് ബോര്‍ഡ് സി.ഇ.ഒയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കുകയും ചെയ്യും. ഈ പൊതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വഖ്ഫ് അദാലത്ത് നടക്കുക.
വഖ്ഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായ സബ് കമ്മി രൂപീകരിക്കുമെന്നും എല്ലാ മാസവും ഇതിനായി തീര്‍പ്പാക്കല്‍ യോഗം ചേരുമെന്നും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിനു ശേഷം മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പള്ളി മദ്റസ തുടങ്ങിയ വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം വഖ്ഫ് ബോര്‍ഡിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും കൂടുതല്‍ സമയം തര്‍ക്ക പരിഹാരത്തിനായി നീക്കി വെക്കേണ്ടിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇന്നു നടന്ന പ്രാഥമിക ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു വിഭാഗം ശ്രമങ്ങളുണ്ടാവുമെന്നും തയ്യാറാണെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.