ഭക്ഷ്യ-കൃഷി വകുപ്പുകള്‍ക്കെതിരെ ദേശാഭിമാനി: നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് 200 കോടി നഷ്ടം, സിപിഐ വകുപ്പുകളെ തിരഞ്ഞ് പിടിച്ച് ആക്രമണം

ഒന്നാം വിള നെല്ല് സംഭരണം തുടക്കം മുതലേ പാളിയെന്നും ഇതോടെ കേരളത്തിലെ കര്‍ഷകരുടെ 200 കോടി രൂപ നഷ്ടപ്പെട്ടെന്നും ദേശാഭിമാനി. ഇക്കുറി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതി നെല്ലു പോലും സംഭരിക്കാനായിട്ടില്ലെന്നും സംഭരണത്തിലെ കുറവ് സ്വകാര്യമില്ലുകള്‍ മുതലാക്കുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. കടുത്ത വരള്‍ച്ചയുണ്ടായിട്ട് പോലും രണ്ട് വിളകളിലായി കഴിഞ്ഞ വര്ഷം 4.52 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചപ്പോള്‍ ഉത്പാദനം കൂടിയ ഈ വര്‍ഷം ഇതുവരെയായി 91731 ടണ്‍ മാത്രമാണ് സംഭരിച്ചത്. ഈ കുറവ് സ്വകാര്യ മില്ലുകള്‍ മുതലാക്കിയെന്നാണ് ദേശാഭിമാനി തൃശൂര്‍ എഡിഷനില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത്.സംഭരണം വൈകിപ്പിച്ച് സ്വകാര്യമില്ലുകാര്‍ക്ക് വന്‍ ലാഭം കൊയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ  ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു.

കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മുമ്പില്ലാത്ത വിധം പരിഗണന നല്‍കുന്ന കൃഷിവകുപ്പിനേയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വാര്‍ത്തയിലൂടെ സിപിഐ എം  മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നാണ് വിമര്‍ശനം. മൂന്നാര്‍ വിഷയത്തിലും പിന്നീട് തോമസ് ചാണ്ടിയുടെ കായല്‍കൈയ്യേറ്റ പ്രശ്‌നത്തിലും കര്‍ശന നിലപാടെടുത്തതിനെ തുടര്‍ന്ന് സി പി ഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ ലാക്കാക്കി സി പി െഎഎം വന്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. കെ രാജുവിന്റെ കീഴിലുള്ള വനം വകുപ്പും ഈ ചന്ദ്രശേഖന്റെ റവന്യു വകുപ്പും ഇത്തരത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. തോമസ് ചാണ്ടി വിഷയത്തിന് ശേഷം ഇത് രൂക്ഷമാവുകയും ചെയ്തു. ഇതിന് പുറമേയാണ് ഇപ്പോള്‍ വി. എസ്. സുനില്‍ കുമാറിന്റെ കൃഷി വകുപ്പും പി. തിലോത്തമന്റെ ഭക്ഷ്യവകുപ്പും രൂക്ഷ വിമര്‍ശനത്തിനിടയാകുന്നത്.

സംഭരണനയത്തിന് വിരുദ്ധമായിട്ടാണ് സ്വകാര്യമില്ലുകാരും സപ്ലൈകോയും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നെല്ല് സംഭരിച്ച് അരിയാക്കി നല്‍കാന്‍ കഴിയുന്ന സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് സംഭരണം നടത്തേണ്ടതെന്ന വ്യവസ്ഥ സ്വകാര്യമ മില്ലുടമകള്‍ക്ക് വേണ്ടി ഭക്ഷ്യസിവില്‍ സപ്ലൈയ്‌സ് വിഭാഗം അട്ടിമറിച്ചു. ഇത് മറയാക്കി സ്വകാര്യമില്ലുകാരുമായി കരാര്‍ ഒപ്പുവച്ചു.മില്ലുകാര്‍ സംഭരണം ഏറ്റെടുത്തതോടെയാണ് താളം തെറ്റിയതെന്നും വാര്‍ത്ത ആരോപിക്കുന്നു.