രണ്ട് തവണ മത്സരിച്ചവർക്ക് ഇളവില്ല; സി.പി.എം സംസ്ഥാന സമിതി തീരുമാനം, സാദ്ധ്യതാപട്ടിക ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലേക്ക്. രണ്ടുതവണ മൽസരിച്ചവർക്ക് ഇളവ് നൽകേണ്ടെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനം.

അന്തിമ തീരുമാനം എട്ടാംതിയതി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ കൈക്കൊള്ളും. തരൂരിൽ നിന്ന് മന്ത്രി എ കെ ബാലൻറെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയിൽ നിന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻറെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും.

പി.ജയരാജന് സീറ്റില്ല. തൃത്താലയിൽ എം.ബി രാജേഷ് സ്ഥാനാർത്ഥിയാവും. ആലപ്പുഴ അരൂരിൽ ഗായിക ദലീമ ജോജോയെ സ്ഥാനാർഥിയാക്കാനാണ് ആലോചന.

ആലപ്പുഴയിൽ പി.പി.ചിത്തര‍ഞ്ജനും അമ്പലപ്പുഴയിൽ എച്ച്.സലാമും മൽസരിക്കും. ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തിൽ പുനരാലോചനയില്ല.

ഐസക്കിന് ഇളവ് നൽകണമെന്ന് മറ്റു ജില്ലക്കാർ ആവശ്യപ്പെട്ടു. അരുവിക്കരയിൽ ജി.സ്റ്റീഫനും കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലും അഴീക്കോട് കെ.വി.സുമേഷും മൽസരിക്കും.

കോഴിക്കോട് നോർത്തിൽ ഇടതുസ്ഥാനാർത്ഥിയായി തോട്ടത്തിൽ രവീന്ദ്രൻ മത്സരിച്ചേക്കും. സംവിധായകൻ രഞ്ജിത്തിന്റേതുൾപ്പെടെയുള്ള പേരുകൾ നോർത്തിലേക്ക് സജീവമായി ഉയർന്നിരുന്നവെങ്കിലും മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ പേരാണ് ഒടുവിൽ സാധ്യതാപട്ടികയിലുള്ളത്.

കളമശ്ശേരിയിൽ സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് തന്നെ മത്സരിച്ചേക്കും. നേരത്തെ കെ.ചന്ദ്രൻ പിള്ളയുടെ പേരാണ് കളമശ്ശേരിയിലേക്ക് ഉയർന്നുകേട്ടിരുന്നത്.

കൊയിലാണ്ടിയിൽ എം മെഹബൂബ്, മുൻ എംപി അഡ്വ. പി സതീദേവി എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം സതീദേവിയെ ഇടതുസ്ഥാനാർത്ഥിയാക്കാനാണ് സി.പി.എം തീരുമാനം. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് കോഴിക്കോട് ബേപ്പൂരിൽ നിന്നും മത്സരിക്കും.