മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അന്ധതയിൽ- പി. രാജീവ് എഴുതുന്നു

(ദേശാഭിമാനിയിൽ ചീഫ് എഡിറ്റർ പി. രാജീവ് എഴുതിയ ലേഖനം)

ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ നാലാം തൂണിന്റെ ദൗത്യം നിർവഹിക്കുന്നുണ്ടെന്ന് പൊതുവെ ഇന്ന് കരുതുന്നില്ല. ലോകവ്യാപകമായി കോർപറേറ്റുകളാൽ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ ഭരണകൂടത്തിന്റെ പ്രചാരണ ഉപകരണങ്ങളായാണ് പ്രവർത്തിക്കുന്നത്.

സ്വതന്ത്രമെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ട് നിശ്ചയിച്ച അജണ്ടകൾക്ക് അനുസൃതമായി പൊതുബോധം നിർമ്മിക്കുന്നതിനാണ് ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇന്ത്യയിലെ ഒന്നാമത്തെ കുത്തക തന്നെ മാധ്യമ രംഗത്തും അപ്രമാദിത്വം വഹിക്കുമ്പോൾ ഇത് കുറെക്കൂടി ഗൗരവതരമാണ്. മാധ്യമങ്ങളെ സംബന്ധിച്ച ഈ മൗലികമായ വിമർശം നിലനിർത്തി കൊണ്ടുതന്നെ പത്രസ്വാതന്ത്ര്യത്തിനായി നിരന്തരം നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണ് സിപിഐ എം പൊതുവെ പിന്തുടരുന്നത്.

മലയാള മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രചാരകരായാണ് എക്കാലത്തും പ്രവർത്തിക്കുന്നത്. സ്വതന്ത്ര സ്വഭാവം നിലനിർത്തുന്നതിന് പ്രൊഫഷണലായി ശ്രമിക്കുന്നത് വാണിജ്യതാത്പര്യത്തോടൊപ്പം നുണകൾ വിശ്വസ്തതയോടെ വിറ്റഴിക്കുന്നതിനു വേണ്ടി കൂടിയാണ്. 1959-ലെ വിമോചനസമരം മുതൽ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രതീകങ്ങളായാണ് ഭൂരിപക്ഷം മാധ്യമങ്ങളും പ്രവർത്തിക്കുന്നതെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഇതിന്റെ ഏറ്റവും തീവ്രവും സങ്കുചിതവുമായ പ്രയോഗത്തിനാണ് ഇന്ന് നാട് സാക്ഷ്യം വഹിക്കുന്നത്.

വിവാദ നിർമ്മാണത്തിലൂടെ മാധ്യമങ്ങൾക്ക് വ്യത്യസ്ത ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി രാജ്യത്തെ പ്രധാന പ്രശ്നങ്ങളും അവയോട് ഓരോ രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കുന്ന നിലപാടും ചർച്ച ചെയ്യാതിരിക്കാൻ അവസരം ഒരുക്കുന്നു. പാർലമെന്ററി ജനാധിപത്യത്തെ തകർക്കുന്നതും ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്നതും ജനങ്ങളിലേക്ക് എത്താതിരിക്കാൻ സൂക്ഷ്‌മ ജാഗ്രത പുലർത്തുന്നു.

വിയോജനമെന്നത് രാജ്യദ്രോഹ കുറ്റമാകുന്നതും സാമൂഹിക പ്രവർത്തകരും ബുദ്ധിജീവികളും ജയിലിലടയ്‌ക്കപ്പെടുന്നതും ചെറിയ വാർത്തകളാക്കി പാർശ്വവത്കരിക്കുന്നു. ഒരു രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതാകുന്നത് സമ്മതത്തോടെ അനുഭവിക്കുന്നവരായി ഇവർ ജനതയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്നു.

എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കുക എന്നതാണ് വിവാദ നിർമ്മാണത്തിന്റെ മറ്റൊരു ലക്ഷ്യം. കോവിഡ് കാലത്തിന്റെ പ്രതിസന്ധിയിലും ഓരോ ദിവസവും നാടിനെ ഗുണപരമായി മാറ്റിമറിക്കുന്ന പരിപാടികൾ സർക്കാർ നടപ്പാക്കുന്നു. ഇതിലൊന്നു പോലും ചാനലുകളിലെ പ്രൈംടൈമുകളിൽ വാർത്ത ആക്കുന്നില്ല.

വാർത്ത സത്യമായിരിക്കണം, അഭിപ്രായം സ്വതന്ത്രമാകാം എന്ന പത്രപ്രവർത്തന പാഠം ഇവർക്കൊന്നും പ്രസക്തമല്ല. നുണകൾ തുടർച്ചയായി വാർത്ത എന്ന രൂപത്തിൽ നൽകുന്നു. മൂന്നുമാസത്തെ മാധ്യമ വാർത്തകൾ പൂർണമായും സ്വർണക്കടത്തിനു ചുറ്റുമാണ്. അതിലെ അടിസ്ഥാന ചോദ്യങ്ങൾ അവഗണിച്ച് പർവതീകരിച്ച നുണകളിലൂടെ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്താൻ നിരന്തരം ശ്രമിക്കുന്നു.

വാർത്തയുടെ ഉള്ളടക്കവുമായി പുലബന്ധം പോലുമില്ലാത്തത് ലീഡ് തലക്കെട്ട് നൽകി വായനക്കാരനെയും കാഴ്ചക്കാരനെയും വഞ്ചിക്കുന്നു. ‘സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ” എന്ന തലക്കെട്ട് ഇതിന്റെ ഉദാഹരണമാണ്. നിയമനകാര്യം മുഖ്യമന്ത്രിയോട് പറയാമെന്ന് കള്ളക്കടത്തുകേസിലെ പ്രതിയായ സ്വപ്ന ഇ.ഡിക്ക് നൽകിയതായി പറയുന്ന മൊഴിയിലെ വാചകമാണ് ആധികാരിക തലക്കെട്ടായി മാറുന്നത്. സാമാന്യമര്യാദകൾ ആകെ ലംഘിക്കുന്ന ഈ രീതിയും മാധ്യമ പ്രവർത്തനമാണ്!

അസാധാരണമായതാണ് വാർത്ത. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയെ കാണുന്നത് സാധാരണമാണ്. അത്തരം സന്ദർശനങ്ങളിൽ കോൺസുലേറ്റ് ജനറലിനെ ആരൊക്കെയാണ് അനുഗമിക്കുന്നത് എന്ന് തീരുമാനിക്കുന്നത് അവർ തന്നെയായിരിക്കും എന്നതും സാധാരണ വിവരമാണ്. മൂന്നുമാസം മുമ്പ് പത്രസമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ദിവസങ്ങളോളം പുതിയ ബ്രേക്കിംഗ് ന്യൂസായി ഈ ‘മൊഴി’യെ മാറ്റി. ഈ വിവാദങ്ങൾക്കു ശേഷം അങ്ങനെയൊരു കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ അതിന് സ്വാഭാവികമായും വാർത്താപ്രാധാന്യമുണ്ടായിരിക്കും! എന്നാൽ, കാലമേതാണെന്നു പോലും പരാമർശിക്കാതെയുള്ള വിവരണം ആശയക്കുഴപ്പം സൃഷ്ടിക്കാൻവേണ്ടി മാത്രമാണ്.

യഥാർത്ഥത്തിൽ ഈ കേസിലെ ഏറ്റവും ഗൗരവമായ തലം നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്ത് നടന്നു എന്നതാണ്. എന്നാൽ, അതിനെ തുടർച്ചയായി നിഷേധിക്കുന്ന കേന്ദ്ര മന്ത്രിയുടെ നിലപാട് മാധ്യമങ്ങൾ തമസ്കരിക്കുന്നു. വിവാദ കേന്ദ്രമായ ദുബായിൽ വെച്ച്‌ നടന്ന സമ്മേളനത്തിൽ പ്രോട്ടോകോളും വിസാ ചട്ടങ്ങളും ലംഘിച്ച് പിആർ ഏജൻസിയുടെ പ്രതിനിധിയെ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുപ്പിച്ചതും ഭൂരിപക്ഷം മാധ്യമങ്ങൾക്കും വാർത്തയല്ല.

മന്ത്രിയായി തുടരുന്നതിനുള്ള അവകാശമില്ലാതാക്കുന്ന സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയത്. എന്നാൽ, ചില ചാനലുകൾ എന്തോ പറഞ്ഞെന്നു വരുത്തുന്നെങ്കിലും പ്രൈംടൈം ചർച്ചയുടെ വിഷയം ആകാതിരിക്കാനുള്ള ജാഗ്രത മാത്രമല്ല മറ്റു വിഷയങ്ങളിലെ ചർച്ചകളിൽ ആരും പരാമർശിക്കാതിരിക്കുന്നതിനും സൂക്ഷ്‌മതയും കാണിച്ചു.

ഈ തമസ്കരണ പ്രക്രിയയിലെ ഒടുവിലത്തേതാണ് പി. ടി തോമസ് എംഎൽഎയുമായി ബന്ധപ്പെട്ട വിവാദം കൈകാര്യംചെയ്ത രീതി. അദ്ദേഹം ഉന്നയിക്കുന്ന അസംബന്ധ ആരോപണങ്ങൾ പോലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നവയാണ് ഭൂരിപക്ഷം മാധ്യമങ്ങളും.

എന്നാൽ, അതീവ ഗൗരവതരമായ കള്ളപ്പണ കേസിൽ മുഖത്ത് വന്നടിക്കുന്ന തെളിവുകളെ പോലും മറച്ചുവച്ച് മാധ്യമങ്ങൾ രാഷ്ട്രീയ വിധേയത്വം ഒരിക്കൽക്കൂടി പ്രകടമാക്കി. വാർത്ത നൽകിയവരും ചർച്ച സംഘടിപ്പിച്ചവരും വസ്തുതകൾ നൽകിയെന്ന അടിസ്ഥാന ദൗത്യത്തെ കുഴിച്ചു മൂടി.

പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നെന്ന് സാധൂകരിക്കുന്ന സുപ്രീംകോടതി വിധി വന്ന ദിവസം അത് ലീഡാക്കാതിരിക്കാൻ ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിച്ചു. അതിനു പകരം നിയമസഭയിലെ കേസ് പിൻവലിക്കേണ്ടെന്ന കീഴ്‌ക്കോടതി വിധി മനോരമ ലീഡാക്കി മാറ്റി, മരട് ഫ്ലാറ്റ് പൊളിയുന്നത് സാഹസികമായി ലൈവ് നൽകിയ മാധ്യമങ്ങൾക്ക് പാലാരിവട്ടം പാലം പൊളിക്കൽ വാർത്തയേയല്ല!

കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ നാല്‌ സിപിഐ എം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു. എല്ലാ പ്രകോപനങ്ങളിലും സംയമനത്തോടെ സിപിഐ എം സമാധാനത്തിനായി നിലയുറപ്പിച്ചു. എന്നാൽ, മാധ്യമങ്ങൾ സ്വീകരിച്ച സമീപനം എത്ര മനുഷ്യത്വരഹിതമായിരുന്നു.

കണ്ണീരിന്റെ ഒരു ചിത്രം പോലും ജനങ്ങളിലേക്ക് എത്താതിരിക്കുന്നതിന് സൂക്ഷ്‌മത മാധ്യമങ്ങൾ പുലർത്തി! സിപിഐ എം കൊലപാതക പാർട്ടിയാണെന്ന് വരുത്തിത്തീർക്കാൻ എത്ര സ്ഥലവും സമയവും തുടർച്ചയായി ഇവർ ഉപയോഗിച്ചിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോൾ കൊല്ലപ്പെട്ടവരെ പോലും അപമാനിക്കാനും ചില മാധ്യമങ്ങൾ ശ്രമിച്ചു.

കോൺഗ്രസിൽനിന്ന്‌ രാജിവെച്ച് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ ഒരു മാസം തികയുന്നതിനു മുമ്പ് എംഎൽഎ ആയിരുന്ന പി കെ അബ്ദുൾ ഖാദറിനെ 1971-ൽ വെടിവച്ചാണ് കൊന്നതെന്ന ചരിത്രം ഇവർ പറയില്ല. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സിപിഐ എം പ്രവർത്തകൻ അഹമ്മുവിന്റെയും ജീവൻ കവർന്നെടുത്ത ഇരട്ടക്കൊലപാതകമായിരുന്നു അത്.

രാഷ്ട്രീയക്കൊലപാതകങ്ങൾ അധികം വാർത്തയാകാത്ത എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലെ ഇരട്ടക്കൊലപാതകത്തിൽ സിപിഐ എം പ്രവർത്തകരായ ജയനെയും ശശിയെയും ഇല്ലാതാക്കിയതും കോൺഗ്രസാണ്. ഒടുവിൽ വെഞ്ഞാറമൂട്ടിൽ മിഥിലാജിനെയും ഹഖ്‌ മുഹമ്മദിനെയും കൊലപ്പെടുത്തിയതും ഇരട്ടക്കൊലപാതകമായി മാധ്യമങ്ങൾ അവതരിപ്പിക്കാറില്ല.

മാധ്യമങ്ങൾ സ്വീകരിക്കുന്ന ഇത്തരം സമീപനങ്ങൾ ജനാധിപത്യവിരുദ്ധവും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണ്. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അന്ധതയിൽ ഇവർ സ്വീകരിക്കുന്ന സമീപനം ജനാധിപത്യ സംവിധാനത്തിനു തന്നെ ഭീഷണിയാണ്. എന്നാൽ, പഴയകാലത്തിൽ നിന്നും വ്യത്യസ്തമായി നുണകൾ അതിവേഗത്തിൽ അപനിർമ്മിക്കപ്പെടുകയും സത്യം തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട്.

അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ജനത, തങ്ങളുടെ നുണപ്രചാരവേലകളിൽ കുരുങ്ങുന്നവരല്ലെന്ന് തിരിച്ചറിയാൻ മാധ്യമങ്ങൾക്ക് കഴിയണം. ക്രിയാത്മക വിമർശങ്ങളിലൂടെ ജനാധിപത്യത്തെ സമ്പുഷ്ടമാക്കേണ്ടതിനു പകരം നിഷേധാത്മക അപവാദ പ്രചാരവേലയിലൂടെ മാധ്യമങ്ങൾ സ്വയം അപഹാസ്യരാകാതിരിക്കേണ്ടത് നാടിന്റെകൂടി ആവശ്യമാണ്.

കടപ്പാട്: ദേശാഭിമാനി