ഒരു വാട്‌സ്ആപ്പ് സന്ദേശം ഉണ്ടാക്കിയ പുകില്; തൃശൂരില്‍ നറുക്കു വീണത് രാജാജി മാത്യു തോമസിന്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് ലക്ഷ്യമിട്ട് സിപിഐയില്‍ നടന്ന ‘വാട്സ്ആപ്പ്’  കളി വിലപ്പോയില്ല. തൃശൂരിലെ സിറ്റിംഗ് എംപി  സി.എന്‍ ജയദേവനെ വീണ്ടും മത്സരിപ്പിക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടയച്ച സന്ദേശമാണ് ഒടുവില്‍ തിരിഞ്ഞ് കൊത്തിയത്. തൃശൂര്‍ സീറ്റിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പേര് ജയദേവന്‍റേതായിരുന്നു. മുന്‍ എം എല്‍ എ യും താരതമ്യേന ജൂനിയര്‍ നേതാവുമായ രാജാജി മാത്യു തോമസ് അന്ന് ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ഒരു വാട്സ് ആപ്പ് സന്ദേശം സംഗതി ആകെ മാറ്റി മറിച്ചു. ‘ പ്രളയത്തില്‍ നാട് മുഴുവന്‍ മുങ്ങിയപ്പോള്‍ എംപി ജയദേവനെ കണ്ടവരുണ്ടോ’ എന്ന വാട്‌സ് ആപ്പ് സന്ദശം തൃശൂരിലെ പാര്‍ട്ടി ഗ്രൂപ്പില്‍  കറങ്ങിയിരുന്നു. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് മുന്‍ മന്ത്രിയും തൃശൂരിലെ നേതാവുമായ കെ പി രാജേന്ദ്രന്റെ കുടുംബ ഗ്രൂപ്പില്‍ നിന്നാണ് ഈ മെസേജ് അയച്ചതെന്ന്.

രാജേന്ദ്രന്റെ കുടുംബാഗമാണ് സന്ദേശം അയച്ചതെന്നറിഞ്ഞതോടെയാണ് രാഷ്ട്രീയപ്പോരിന് ഇത് വഴി തുറന്നത്. അതോടെ ജയദേവന്‍ വാട്‌സ് ആപ്പ് സന്ദേശം സി.പി.ഐ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. എത്രയും പെട്ടെന്ന് ഇത് ഒത്തുതീര്‍പ്പാക്കാമെന്ന് പറയുകയും ചെയ്തതോടെ സന്ദേശം അയച്ച കുടുംബാംഗം ജയദേവനോട് മാപ്പ് പറയുകയും ചെയ്തു.

രാജേന്ദ്രന്‍ അറിയാതെ ഒരിക്കലും ആ സന്ദേശം ഗ്രൂപ്പുകളില്‍ പ്രചരിക്കില്ലെന്ന നിലപാടാണ് പാര്‍ട്ടിയെടുത്തത്. ഇത് രാജേന്ദ്രന് പാരയായി. സി. എന്‍ ജയദേവന്‍ ആണെങ്കിലോ താനിനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതോടെ തൃശൂരില്‍ മത്സരിക്കാന്‍ നറുക്ക് വീണതാകട്ടെ രാജാജി മാത്യു തോമസിനും.