മുതിര്‍ന്നവരെ ഒഴിവാക്കുന്നതിന് പൊതു മാനദണ്ഡം വേണം; വിവേചനം പാടില്ലെന്ന് സി. പി മുഹമ്മദ്

നാലു തവണയിലേറെ മത്സരിച്ചവർ മാറി നിൽക്കണമെന്ന യൂത്ത് കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി ഉപാദ്ധ്യക്ഷനും മുൻ എം എൽ എയുമായ സി പി മുഹമ്മദ്. ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പളളിക്കും ഇളവ് നൽകാമെങ്കിലും മറ്റുളളവരുടെ കാര്യത്തിൽ പൊതു നിലപാടുണ്ടാകണമെന്നും വിവേചനം പാടില്ലെന്നും സി പി മുഹമ്മദ് പറഞ്ഞു. മുതിർന്നവരെ ഒഴിവാക്കുന്നതിന് പൊതു മാനദണ്ഡമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മത, സാമുദായിക നേതാക്കളുടെ താത്പര്യത്തിനനുസരിച്ച് സ്ഥാനാര്‍ത്ഥികളെയും മന്ത്രിയെയും തീരുമാനിക്കുന്നതിനെതിരെയും രൂക്ഷ വിമർശനമാണ്  സി പി മുഹമ്മദ് ഉന്നയിച്ചത്.

വിവേചനം പാടില്ല. മാറിനിൽക്കണം എന്നത് തന്റെ കാര്യത്തിൽ മാത്രമാകരുത്. ചിലരിടുമ്പോൾ ബർമുഡയും മറ്റ് ചിലരിടുമ്പോൾ വളളിക്കളസവും എന്ന നിലപാട് ശരിയല്ല. പട്ടാമ്പിയിൽ തനിക്കാണ് വിജയസാദ്ധ്യത. തോൽക്കാനുളളതൊന്നും 2016ലും കഴിഞ്ഞ അഞ്ച് വര്‍ഷവും ചെയ്‌തിട്ടില്ല. കഴിഞ്ഞ തവണ ഇടതുപക്ഷവും ചില ശത്രുക്കളും തന്നെ സംഘിയാക്കി. കോൺഗ്രസ് വേണ്ടവിധം ആ പ്രചാരണത്തെ പ്രതിരോധിച്ചില്ലെന്നും സി പി മുഹമ്മദ് പറഞ്ഞു.

Read more

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കെട്ടിയിറിക്കുന്ന പ്രവണതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. നേതാക്കളുടെ ഓമനകൾക്കല്ല ജനങ്ങളുടെ ലാളനകൾ നേടാൻ കഴിയുന്നവരാകണം സ്ഥാനാർത്ഥികളെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകേണ്ടത് കോൺഗ്രസിന്റെ ദേശീയ ആസ്ഥാനത്തു നിന്നും ഇന്ദിരാഭവനിൽ നിന്നും കെ. കരുണാകരൻ സപ്‌തതി മന്ദിരത്തിൽ നിന്നും മാത്രമാകണം. മിടുക്കരും ജനകീയരുമായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരെയും ഡി സി സി ഭാരവാഹികളെയും സ്ഥാനമാനങ്ങളിലെ വലുപ്പചെറുപ്പം നോക്കി മാറ്റി നിർത്താതെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകി മത്സരിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.