പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് കോവിഡ്‌ ടെസ്‌റ്റുകളുടെ എണ്ണം കുറച്ചു, മുഖ്യമന്ത്രി‌ ജനങ്ങളുടെ ജീവന്‍വച്ച്‌ കളിക്കുകയാണ്: മുല്ലപ്പള്ളി രാമചന്ദ്രൻ‌

കോവിഡ്‌ ടെസ്‌റ്റുകളുടെ എണ്ണം കുറച്ച്‌ രോഗികളുടെ എണ്ണത്തില്‍ കേരളം പിന്നിലെന്ന്‌ വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

കേരളത്തിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്‌. പ്രതിദിനം 150 ടെസ്റ്റുകള്‍ വരെ നടത്തിയിരുന്ന സര്‍ക്കാര്‍ ലാബുകളില്‍ പരിശോധന പകുതിയായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.ഒരു ദിവസം 70000 പരിശോധന നടന്നിരുന്നത്‌ ഇപ്പോള്‍ 50000മായി. കോവിഡ്‌ ആന്റിജന്‍ പരിശോധനകളുടെ എണ്ണം കുറയ്‌ക്കാന്‍ അനൗദ്യോഗിക നീക്കം നടക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച്‌ കഴിഞ്ഞ നാലു ദിവസങ്ങളില്‍ പതിനായിരം മുതല്‍ 15000 വരെ ആന്റിജന്‍ ടെസ്റ്റ്‌ കുറച്ചു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്‌. അതിന്റെ ഫലമായി രോഗികളുടെ എണ്ണം കുറയും.ഇത്‌ സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ്‌. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്‌ക്കുന്നത്‌ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.

ടെസ്‌റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന്‌ ഐ.എം.എയും ആരോഗ്യവിദഗ്‌ദ്ധരും ആവശ്യപ്പെടുമ്പോള്‍ അതിന്‌ കടകവിരുദ്ധമായ സമീപനമാണ്‌ സക്കാര്‍ സ്വീകരിക്കുന്നത്‌. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന്‌ ജനങ്ങളുടെ ജീവന്‍വച്ച്‌ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്‌ മുഖ്യമന്ത്രി. ദുരന്തമുഖത്ത്‌ സര്‍ക്കാര്‍ പകച്ചു നില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്‌ പ്രതിരോധം പൂര്‍ണ്ണമായും താളം തെറ്റിയതിനെ തുടര്‍ന്നാണ്‌ കേന്ദ്രസംഘം കേരളത്തിലെത്തിയത്‌. സര്‍ക്കാരിന്‌ ഇപ്പോള്‍ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നതിലല്ല താല്‍പ്പര്യം എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.